Agriculture
വനപ്രദേശത്തോടു ചേർന്നും വനാതിർത്തിയിലുമൊക്കെ താമസിക്കാൻ വിധിക്കപ്പെട്ട കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് രൂക്ഷമായ വന്യമൃഗശല്യം. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം വലിയ തോതിലുള്ള വിളനാശമാണ് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്.
വന്യജീവി സംരക്ഷണനിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സഹചര്യത്തിൽ ആണ് സലാക്ക് പഴത്തിന്റെ കൃഷി കേരളത്തിൽ പ്രാധാന്യമർഹിക്കുന്നത്.
ഇന്തോനേഷ്യയിലെ ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളിൽ സുലഭമായി വളരുന്ന വിളയാണ് സലാക്ക്. ചുവന്ന തവിട്ടു നിറത്തിലുള്ള പാന്പിന്റെ ചർമ്മത്തോട് ഉപമിക്കുന്ന തൊലിയുള്ളതിനാൽ ഈ പഴത്തിന് പാന്പ് പഴം എന്നും വിളിപ്പേരുണ്ട്.
ഗുലാ പസീർ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനമാണ് സലാക്ക് പഴങ്ങളിൽ മധുരം കൂടിയവ. തരി പഞ്ചസാര എന്നാണ് ഗുലാ പസീർ എന്ന വാക്കിന്റെ അർഥം. പെക്റ്റിൻ, പൊട്ടാസ്യം, ബീറ്റകരോട്ടിൻ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
Agriculture
സ്ത്രീകൾ കൃഷിയിലേക്ക് കടന്നുവരുന്പോൾ ഗ്രാമങ്ങളുടെ ഭാവി എത്ര മനോഹരമാകാമെന്ന് തെളിയിക്കുകയാണ് സി. വൃന്ദ. മയ്യിൽ ഒരു ഗ്രാമം മാത്രമല്ല മണ്ണിനോടുള്ള സ്നേഹത്തിന്റെ കഥയാണ്. വിത്തിടുന്പോൾ പ്രതീക്ഷ വിതയ്ക്കുന്ന, കൊയ്ത്തുകാലത്ത് സ്വപ്നങ്ങൾ കൊയ്യുന്ന ഒരു കാർഷിക ഗ്രാമം. കണ്ണൂർ ജില്ലയിലെ പച്ചപ്പിന്റെ നിറവിൽ നിൽക്കുന്ന കാർഷിക ഗ്രാമം.
നെൽവയലുകൾ നീളെ പന്തലിച്ചു കിടക്കുന്ന നാട്, കാലാവസ്ഥയുടെ ചക്രവാളത്തോടൊപ്പം ജീവിക്കുന്ന ഒരു കാർഷിക സംസ്കാരത്തിന്റെ പ്രതീകമാണ് മയ്യിൽ എന്ന കാർഷിക ഗ്രാമം. ജനിച്ചു വീഴുന്ന കുരുന്നുകൾ മുതൽ മണ്ണിനോട് ഇഴകി ചേർന്ന വയോജനങ്ങൾക്കു വരെ മയ്യിൽ എന്ന ഗ്രാമത്തിലെ കാർഷിക കഥകൾ ഒരുപാട് പറയാനുണ്ട്.
മുല്ലപ്പൂന്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യം എന്ന വാക്യം നൂറിൽ നൂറ്റൊന്ന് സത്യമാക്കുന്ന ഇടമാണ് മയ്യിൽ മുല്ലക്കൊടിയെന്ന ഗ്രാമവും ഗ്രാമവാസികളും. മുല്ലപ്പൂവിനെപോലെ ഒരു നാട് മുഴുവൻ ന·പടർത്തുന്ന ഗ്രാമത്തിലേക്ക് കണ്ണൂർ അഴീക്കോടിൽ നിന്നു മരുമകളായി വന്ന വൃന്ദ ഇന്ന് മുല്ലക്കൊടിയുടെ മകളായി മാറി.
മയ്യിൽ വയലുകളുടെ നാട്
മയ്യിലിൽ പ്രഭാതം ആരംഭിക്കുന്നത് കോഴിയുടെ കൂവലോടെ അല്ല, വയലിലേക്ക് പോകുന്ന കർഷകരുടെ ചുവടുകളോടെയാണ്. നെൽവയലുകളിൽ കാറ്റടിക്കുന്പോൾ കാണുന്ന പച്ചത്തിരകൾ ഗ്രാമത്തിന്റെ ആത്മാവാണ്.
പാടശേഖര സമിതികളുടെ കൂട്ടായ പ്രവർത്തനം ഇവിടെ കൃഷിയെ ശക്തിപ്പെടുത്തുന്നു. യന്ത്രസഹായം, വിത്ത് വിതരണം, സബ്സിഡി പദ്ധതികൾ എല്ലാം ചേർന്ന് കർഷകരുടെ പരിശ്രമം ഫലപ്രദമാകുകയും ഇന്നു കേരളത്തിൽ മയ്യിൽ ഗ്രാമത്തിന്റെ പ്രവർത്തികൾ വാനോളം ഉയർന്നിരിക്കുകയാണ്.
പൊതുപ്രവർത്തകയായ പി. പ്രസീതയുടെയും ബസ് ഡ്രൈവറായ സുരേഷ് മണിയുടെയും മകളായ സി. വൃന്ദയ്ക്ക് ഈ കാർഷിക ഗ്രാമത്തിലേക്ക് യാതൊരു കാർഷിക പശ്ചാത്തലമില്ലാതെയാണ് 2010ൽ മുല്ലക്കൊടിയിലെ മനപ്പുറത്ത് വീട്ടിലേക്ക് മരുമകളായി എത്തിയത്.
ബികോം പഠിച്ച് അക്കൗണ്ട്സ് ജോലി ചെയ്തിരുന്ന വൃന്ദയ്ക്ക് പിന്നീട് രണ്ടു കുട്ടികളായതോടെ ജോലിക്കു പോകാൻ സാധിച്ചില്ല. ഗ്രാഫിക് ഡിസൈനർ ആയ ഭർത്താവ് സുകേഷ് കിരണിന്റെ അച്ഛൻ എം.വി. കരുണാകരനും അമ്മ ടി. സുമതിയും പാരന്പര്യ കർഷക കുടുംബത്തിലുള്ളവരായിരുന്നു.
ഏക്കർ കണക്കിന് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന കൃഷികൾക്ക് തന്നാലായത് ചെയ്തായിരുന്നു വൃന്ദയുടെ കാർഷികമേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.
ജീവനി കാർഷിക വിപണി
കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് വലിയ തോതിൽ മാർക്കറ്റ് ഉണ്ടാകാതിരുന്ന കാലമായിരുന്നു അന്ന്. അക്കാലത്ത് ഇവരുടെ വയലിൽ വൻതോതിൽ ചീര വിളവെടുത്തതോടെ ഇവ എവിടെ കൊണ്ടു വിൽക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയ വൃന്ദയുടെ കഥ രസകരമായിരുന്നു.
ചീര ഓരോ കെട്ടുകളാക്കി മുല്ലക്കൊടിയുടെ റോഡരികിൽ കൊണ്ടുവച്ചു ചീര...ചീര... എന്ന് ഉറക്കെവിളിച്ചു വിൽപ്പന നടത്താൻ കാണിച്ച ആ ധൈര്യം ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. പിന്നീട് തന്റെയുള്ളിൽ മയ്യിൽ മേഖലയിലെ നിരവധി കർഷകരുടെ വിയർപ്പിനുള്ള പ്രതിഫലം കിട്ടുന്ന ഒരു സംരംഭത്തിലേക്ക് കടക്കാമെന്ന ചിന്തയിലായിരുന്നു വൃന്ദ.
അതിനായി കൃഷിവകുപ്പിന്റെയും കേരളസർക്കാരിന്റെയും ഒപ്പം മുല്ലക്കൊടി പാടശേഖര സമിതി, കൈവയൽ പാടശേഖരസമിതി എന്നിവരുടെ സഹായത്തോടെ 2021ൽ ജീവനി കാർഷിക വിപണിയെന്ന പേരിൽ സംരംഭത്തിന് വൃന്ദ തുടക്കമിട്ടു.
ഇതോടെ കൂടുതൽ കൃഷിക്കാരുടെ ഉത്പന്നങ്ങളെല്ലാം കാർഷിക വിപണിയിലൂടെ ന്യായമായ വിലയിൽ വിൽപന നടത്താൻ മയ്യിലിലുള്ള കർഷകർക്ക് സാധിച്ചു.
Agriculture
ഓഫീസ് ടേബിളിലും മുറികളുടെ കോർണറുകളിലുമൊക്കെ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇന്നൊരു ട്രെൻഡാണ്. മണിപ്ലാന്റ്, ലക്കിബാംബു, ക്രോട്ടോണ്സ്, ക്രിപ്റ്റാൻന്തസ്, അഗ്ളോണിമ തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്.
ഇൻഡോർ പ്ലാന്റുകളുടെ ഒരു നഴ്സറി സ്വപ്നം കണ്ടുനടന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മൻമോഹൻ ഇന്ന് അതു യാഥാർഥ്യമാക്കി.
എറണാകുളത്തെ എസ്ആർവി സ്കൂൾ പഠനകാലത്താണ് മൻമോഹനെ ഇൻഡോർ പ്ലാന്റുകൾ ആകർഷിച്ചത്.
കളപ്പറന്പത്ത് മൻമോഹൻ പിതാവ് അജിത്കുമാറിന്റെയും അമ്മ ലക്ഷ്മിയുടെ നിർബന്ധത്തിനു കോതമംഗലം എംഎ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി.
പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി അപേക്ഷിക്കുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജോലി കിട്ടി എന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും സന്തോഷത്തേക്കാളേറെ സങ്കടമേ നൽകിയുള്ളൂ.
എൻജിനിയറാകാനല്ല മറിച്ച് ഒരു നഴ്സറി നടത്തിപ്പുകാരനാകാനായിരുന്നു മൻമോഹന് ആഗ്രഹം.
പഠനകാലത്തെ പാഷനു പിന്നാലെ
2012 മുതൽ മൻമോഹൻ ചെറിയതോതിൽ ഇൻഡോർ പ്ലാന്റുകളുടെ കച്ചവടം ആരംഭിച്ചിരുന്നു. ആദ്യം ചെടികളുടെ പ്രദർശന വിപണന മേളകളിലാണ് പങ്കെടുത്തിരുന്നത്. കുറച്ച് സ്റ്റോക്ക് എടുക്കും.
അതുമായി പ്രദർശനത്തിനു പോകും. അതു വിറ്റു തീരുമ്പോൾ മടങ്ങും എന്നതായിരുന്നു രീതി. എക്സിബിഷനുകളിൽനിന്നും ചെടി വാങ്ങുന്നവർ പിന്നീട് കാണുമ്പോൾ നല്ല ചെടിയായിരുന്നു, ഇപ്പോഴും ആരോഗ്യത്തോടെ വളരുന്നുണ്ട് എന്നൊക്കെ പറയുന്നത് വലിയ പ്രചോദനമായി.
അങ്ങനെ എറണാകുളത്തെ വീട്ടിലേക്കും എട്ടു സെന്റ് സ്ഥലത്തേക്കും തന്റെ പാഷനെ മൻമോഹൻ എത്തിച്ചു. 2014 ൽ 5,000 രൂപയുടെ സ്റ്റോക്കുമായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് നഴ്സറി ആരംഭിച്ചു.
അങ്ങനെ ഇൻഡോർ പ്ലാന്റുകളെ വളർത്തിയും വിൽപ്പന നടത്തിയും പഠനകാലത്തേ സ്വന്തം വഴി ഈ യുവാവ് കണ്ടെത്തിയിരുന്നു. പക്ഷേ, വാടക സ്ഥലങ്ങൾക്ക് പരിമിതികളുണ്ട്.
കാരണം പെട്ടെന്ന് സ്ഥലം മാറുമ്പോഴൊക്കെയും ഈ ചെടികളെ പാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോവുക, അവയെ വീണ്ടും പരിപാലിച്ചു വളർത്തുക അൽപ്പം റിസ്കാണ്.
ചിലപ്പോൾ ഏറെ പ്രിയപ്പെട്ട ചെടികൾ നശിച്ചു പോകാനുള്ള സാധ്യതയുമുണ്ട്. സ്വന്തമായി അൽപ്പം സ്ഥലം അതിലൊരു നഴ്സറി എന്ന സ്വപ്നം അങ്ങനെ മൻമോഹന്റെയുള്ളിൽ കടന്നു കൂടി.
Agriculture
ഐടി മേഖലയിൽ ജോലി ചെയ്യുമ്പോഴും കത്തുന്ന സൂര്യനു കീഴിലെ കൃഷിയിടത്തെയും കർഷകരെയും മറക്കാതെ, കിട്ടുന്ന സമയമൊക്കെ മണ്ണിൽ പൊന്നുമത്തൻ വിളയിക്കുകയാണ് മൂവാറ്റുപുഴ ആയവന ഉപ്പൂട്ടുങ്കൽ ഷോണ്‍ ജോഷി.
പച്ചക്കറി കൃഷിക്കു നൽകുന്ന സാധാരണ പരിചരണവും അൽപം ശ്രദ്ധയും നൽകി തണ്ണിമത്തൻ കൃഷി വിജയിപ്പിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ കർഷകൻ. വേനൽ വിളയായി പച്ചക്കറി കൃഷി ചെയ്തു വരുന്നതിനിടയിലാണ് തണ്ണിമത്തൻ കൃഷി പരീക്ഷിച്ചാലോ എന്ന ഒരു തോന്നൽ ഷോണിനുണ്ടാവുന്നത്.
പരീക്ഷണമെന്ന നിലയിൽ നോക്കിയ തണ്ണിമത്തൻ എന്ന വേനൽക്കാല കൃഷി ഇപ്പോൾ വിജയകരമായി നാലു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പരമാവധി നനവു നിൽക്കുന്ന എന്നാൽ, വെയിൽ ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് അനുയോജ്യമെന്ന് ഷോണ്‍ പറഞ്ഞു.
നെൽപ്പാടം പോലെയുള്ള താഴ്ന്ന, നിരപ്പായ കൃഷിയിടം പരിപാലനം എളുപ്പമാക്കും. ഉയർന്ന് അല്പം ചെരിവുള്ള പ്രതലത്തിലാണ് ഷോണ്‍ കൃഷി ചെയ്യുന്നത്. കൃഷി ആണ്ടുവട്ടം തുടർച്ചയായി ചെയ്യാൻ പദ്ധതിയുള്ളതിനാൽ കൃഷിയിടം മുഴുവൻ പൈപ്പു സ്ഥാപിച്ച് ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് തണ്ണിമത്തന് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്.
Agriculture
കൗതുകക്കാഴ്ചയായി കള്ളിമുള്‍ ചെടി പൂത്തു. ഇറുമ്പയം ഒറക്കനാംകുഴി ജോണ്സണ് വര്‍ക്കിയുടെ വീട്ടുമുറ്റത്തു നില്ക്കുന്ന 48 വര്‍ഷത്തോളം പ്രായമുള്ള കള്ളിമുള്‍ ചെടിയാണ് പൂത്തത്.
ഒറ്റ തണ്ടില്‍ പത്ത് അടിയിലേറേ ഉയരത്തില്‍ വളര്‍ന്ന് നില്ക്കുന്ന ചെടിയില്‍ അഞ്ഞൂറോളം പൂക്കളാണുള്ളത്. വിടരാറായ നിരവധി മൊട്ടുകളും ചെടിയിലുണ്ട്.
ഏതാണ്ട് താമര പൂവിന്റെ വലിപ്പത്തിലുള്ള പൂവിന് വെള്ള നിറമാണ്. മൂന്നു ദിവസത്തോളമാണ് ഒരു പൂവിന്റെ ആയുസെന്ന് വീട്ടുകാര്‍ പറയുന്നു. രാവിലെ നാലോടെ പൂക്കളെല്ലാം വിടരും.
അഞ്ചു വര്‍ഷമായി മുടങ്ങാതെ ചെടി പൂക്കുന്നുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. പൂക്കൾ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും വീട്ടുകാര്‍ പറയുന്നു.
Agriculture
രണ്ടുപതിറ്റാണ്ടിലേറെ സ്വന്തമായി നടത്തിയ സൂക്ഷ്മപഠനത്തിലൂടെ കണ്ടെത്തിയ അറിവുകൾ പ്രയോജനപ്പെടുത്തി തേൻകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശിയായ കൂട്ടുങ്കൽ ജോമി തോമസ്.
വർഷങ്ങൾക്കു മുമ്പ് പിതാവ് നൽകിയ ഒരു ചെറുതേനീച്ചപ്പെട്ടിയിൽനിന്നായിരുന്നു തേൻകൃഷിയുടെ തുടക്കം. തേനും തേനീച്ചയും ഇദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. അതിനാൽതന്നെ തേൻകൃഷിയിൽ പുത്തൻപരീക്ഷണങ്ങൾക്ക് ജോമി മുന്നോട്ടുവന്നു.
ഇങ്ങനെ ലഭിച്ച പുത്തൻ അറിവുകളാണ് സിബിഎസ്ഇ സ്കൂളുകളിലെ പാർട്ട് ടൈം ചിത്രകല അധ്യാപകൻ കൂടിയായ ജോമിയെ ശ്രദ്ധേയനാക്കുന്നത്.
തേനീച്ചകളുടെ സ്വഭാവം, ഭക്ഷണരീതി, തേൻനിർമാണം, വ്യത്യസ്ത ഇനം തേനീച്ചകളുടെ സവിശേഷതകൾ എന്നിവയെല്ലാം ഒരുപതിറ്റാണ്ടോളം നിരീക്ഷിച്ചാണ് ഈ കർഷകൻ തേനീച്ചകൃഷിയിൽ സ്വന്തമായ പാത വെട്ടിത്തുറന്നത്.
പുരയിടത്തിൽ 250 തേനീച്ചകോളനികൾ
ലളിതമായ രീതിയിൽ ആരംഭിച്ച ചെറുതേനീച്ചകൃഷി ഘട്ടംഘട്ടമായി വർധിപ്പിച്ച് 250 തേനീച്ചകോളനിയിൽ എത്തിക്കാൻ ഇദ്ദേഹത്തിനായി. ബി-ഹണി ഇടുക്കി എന്ന ബ്രാൻഡിലാണ് ചെറുതേൻ വിപണനം നടത്തിവരുന്നത്.
കിലോയ്ക്ക് ശരാശരി 2,500 രൂപയ്ക്കാണ് വിൽപ്പന. അനുകൂല കാലാവസ്ഥ തേൻ ഉത്പാദനത്തിന് പ്രധാനമാണ്. വീടിനോടു ചേർന്ന അരയേക്കർ പുരയിടത്തിൽ ജാതി, കൊക്കോ, തെങ്ങ്, കുരുമുളക്, റമ്പുട്ടാൻ, തന്നാണ്ടുകൃഷികൾ എന്നിവയ്ക്കൊപ്പമാണ് തേനീച്ചകോളനികൾ സ്ഥാപിച്ചിരിക്കുന്നത്.
പരിപാലനം
മറ്റുജോലികൾക്കിടയിലും ആയാസമില്ലാതെ ചെയ്യാൻ കഴിയുന്നുവെന്നതാണ് തേനീച്ചകൃഷിയുടെ പ്രത്യേകത. വീടിനോടുചേർന്ന ഭാഗത്തും പുരയിടങ്ങളിലും മഴ നനയാതെ സൂക്ഷിക്കാനായാൽ എത്ര കോളനി വേണമെങ്കിലും സ്ഥാപിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.
പുരയിടങ്ങളിൽ സ്റ്റാന്റിൽ ഉറപ്പിച്ചും വീടിന്റെ ഇറമ്പിൽ വള്ളിയിൽ കെട്ടിത്തൂക്കിയും കൂടുകൾ സ്ഥാപിക്കാം. കൂടിനുള്ളിൽ ഈർപ്പം തട്ടിയാൽ ഈച്ചകൾ ചത്തുപോകാനും കൂട് ഉപേക്ഷിച്ച് പോകാനും സാധ്യതയേറെയാണ്.
ഇതോടൊപ്പം മുട്ടകളിൽ പൂപ്പൽ ബാധിക്കുകയും മുട്ട വിരിയാതിരിക്കുകയും ചെയ്യും. അതിനാൽ ഏറെ ശ്രദ്ധ ഇക്കാര്യത്തിൽ അനിവാര്യമാണ്. അമിതമായ ചൂടും ദോഷം ചെയ്യും. കൂടുകളുടെ പ്രവേശന കവാടങ്ങൾ തമ്മിൽ ഒരടി അകലമെങ്കിലും വേണം.
തേനീച്ചകൾ അവരവരുടെ സ്വന്തം കൂട് കണ്ടെത്തുന്നത് ഗന്ധം, ശബ്ദം എന്നിവയിലൂടെയാണ്. ഓരോ കോളനിയിലേയും ഈച്ചകൾക്ക് വ്യത്യസ്ത ഗന്ധമാണുള്ളത്. സ്വന്തം കൂട്ടിലെ ഈച്ചകളെ തിരിച്ചറിയുന്നതും ഇതിലൂടെയാണ്.
Agriculture
വേനല്‍ക്കാലത്ത് (മാര്‍ച്ച് - മേയ്) പച്ചക്കറി കൃഷി വിജയകരമാക്കാന്‍ ശരിയായ പരിപാലനം വളരെ പ്രധാനമാണ്. കാരണം ചൂടും ജലക്ഷാമവും വിളയെ ബാധിക്കും. ഇതാ എളുപ്പത്തില്‍ പാലിക്കാവുന്ന മാര്‍ഗങ്ങള്‍
1. ജലസേചനം
2. മള്‍ച്ചിംഗ്
3. തണല്‍ ഒരുക്കല്‍
4. വളപ്രയോഗം
5. കീടരോഗ നിയന്ത്രണം
വേനലില്‍ കീടങ്ങള്‍ കൂടുതലാകും. നീം ഓയില്‍ 7-10 ദിവസത്തില്‍ ഒരിക്കല്‍ തളിക്കുക. കറുത്ത ചീങ്കണ്ണി, വെള്ളപ്പൂച്ച എന്നിവ ശ്രദ്ധിക്കുക. രാസവളങ്ങള്‍ പരമാവധി ഒഴിവാക്കുക.
6. മണ്ണ് പരിപാലനം
7. തണ്ടു കെട്ടല്‍ & പിന്തുണ
8. പ്രത്യേക ശ്രദ്ധ
Agriculture
ഇടുക്കി ജില്ലയിൽ ആലക്കോട് കണ്ടത്തിൽ മോളി ആന്റണിയുടെ കൃഷിയിടത്തിൽ വിളയാത്തതൊന്നുമില്ല. മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ രസതന്ത്രമറിഞ്ഞ് നൂറുമേനി വിളവു നേടുന്ന ഇവർ പൂർണമായും ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്.
ആറേക്കറിൽ 35ഓളം വിളകളാണ് കൃഷി ചെയ്തിരിക്കുന്നത്. വ്യത്യസ്തയിനം പഴവർഗങ്ങളാണ് തഴച്ചുവളർന്ന് ഫലം ചൂടി നിൽക്കുന്നത്. കാഞ്ഞിരപ്പള്ളി ഹോം ഗ്രോണിൽനിന്ന് വാങ്ങിയ 200ഓളം കായ്ഫലമുള്ള റംബുട്ടാൻ കൃഷിയിടത്തിലുണ്ട്.
ഞാലിപ്പൂവൻ, റോബസ്റ്റ, കാളി, ചുണ്ടില്ലാൻ, നേന്ത്രൻ ഇനത്തിൽപ്പെട്ട 600ഓളം വാഴ, മംഗോസ്റ്റിൻ, അബിയു, ഡ്രാഗണ്‍ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, ലിച്ചി, ഞാവൽ, പപ്പായ, പേര, ചാമ്പ, ചെറുനാരകം, നീലം, കൊളംബ്, മൂവാണ്ടൻ ഇനത്തിൽ മാവ്, പ്ലാവ് എന്നിവയും തോട്ടത്തിലുണ്ട്.
ഇതിനുപുറമെ ജാതി, കശുമാവ്, ടിതഡി, കുറ്റ്യാടി ഇനം തെങ്ങുകൾ, ആയിരത്തിൽപരം കമുക് എന്നിവയും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിപാലിച്ചുവരുന്നു. ഓരോ വിളകൾക്കും അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്.
പച്ചക്കറികൾ:
ഒട്ടുമിക്ക പച്ചക്കറികളും ഇവിടെയുണ്ട്. പാവൽ, പടവലം, തക്കാളി, കോവൽ, പീച്ചിൽ, ചുരയ്ക്ക, വള്ളിപ്പയർ, ചതുരപ്പയർ, വഴുതന, നിത്യവഴുതന, വെണ്ട, ചീര, കാന്താരി, കൊമ്പൻ, വെള്ളരി, കുന്പളം, മത്തൻ, മുരിങ്ങ തുടങ്ങിയവ കൃഷികളുമുണ്ട്.
വളപ്രയോഗം:
ചാരം, ചാണകം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ മാത്രമാണ് ചെടികൾക്ക് നൽകുന്നത്. ഒരു പശുവിനെയും പോത്ത് കിടാരിയെയും വളർത്തുന്നുണ്ട്. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ കാന കീറി വെള്ളം എത്തിക്കുന്നതിനാൽ ജലസേചനം ഏറെ സൗകര്യപ്രദമാണ്.
തോട്ടത്തിൽ കാന കീറിയിരിക്കുന്നതിനാൽ വേനലിൽ മണ്ണിന്റെ ഈർപ്പം നിലനിർത്താനും വർഷകാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.
പരമ്പരാഗതമായ കൃഷി അറിവുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ വിളകൾക്ക് കാര്യമായ കീടബാധ ഉണ്ടാകാറില്ല.
Agriculture
"മണ്ണ് പൊന്നാണ്..... മനസ് വിത്താണ്’ എന്ന ആപ്തവാക്യം അന്വർഥമാക്കുകയാണ് കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ. സ്കൂൾ മാനേജർ റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിലിന്റെ അനുഗ്രഹത്തോടും ഹെഡ്മാസ്റ്റർ ബിനു ജോയിയുടെ നേതൃത്വത്തിലും അധ്യാപകരും വിദ്യാർഥികളും കൈകോർത്തപ്പോൾ കഴിഞ്ഞ പത്തു വർഷമായി സ്കൂൾ വളപ്പിലെ മണ്ണിൽ പൊന്നു വിളയുകയാണ്.
മികച്ച കർഷകനായ പിടിഎ പ്രസിഡന്റ് ജോളി ജോസഫ് എല്ലാ പിന്തുണയുമായി അധ്യാപകർക്കൊപ്പമുണ്ട്. സ്കൂൾ ഫാർമേഴ്സ് ക്ലബ്ബിനാണ് ഈ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.
വൈവിധ്യമാർന്ന കൃഷി രീതികൾ
സ്കൂളിനു ചുറ്റുമുള്ള അരയേക്കറോളം സ്ഥലത്താണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കൃഷി രീതികളാണ് ഇവിടെ അവലംബിക്കുന്നത്.
"കുംഭത്തിൽ നട്ടാൽ കുടത്തോളം' എന്ന് പറയുന്നതുപോലെ കുംഭമാസത്തിൽ തന്നെ കിഴങ്ങുവർഗങ്ങളായ കാച്ചിൽ, ചേന, ചേമ്പ് എന്നിവ കൃഷി ചെയ്ത് തുടങ്ങുന്നു.
സ്കൂൾ വളപ്പിലെ ചപ്പുചവറുകൾ മുഴുവൻ കുഴികളിലിട്ട് മൂടി തടം തയാറാക്കുന്നു. സ്കൂൾ വളപ്പിൽനിന്നുതന്നെ ശേഖരിക്കുന്ന വിത്തുകൾ ഉപയോഗിക്കുന്നു എന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
തുടർന്നുള്ള മാസങ്ങളിൽ പയർ, പാവൽ, കോവൽ, വെണ്ട, വെള്ളരി, വഴുതന, തക്കാളി, പടവലം, കുക്കുന്പർ, പച്ചമുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നു.
കുട്ടികൾക്കു പരസ്പര സഹകരണവും ഉത്തരവാദിത്വ ബോധവും പ്രകൃതിയോടുള്ള സ്നേഹവും വളർത്താൻ ഇവിടുത്തെ കൃഷിരീതികൾ സഹായകമാകുന്നു. രാസവളങ്ങൾ പൂർണമായും ഒഴിവാക്കി അടുക്കള മാലിന്യത്തിൽനിന്നു നിർമ്മിക്കുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്.
ഇതു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ സഹായിക്കുന്നു. വിദ്യാർഥികളും അധ്യാപകരും ഒത്തൊരുമിച്ചു പച്ചക്കറി പരിപാലനവും വെള്ളം നനക്കലും കളപറിക്കലും വളമിടീലുംവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു പോരുന്നു.
ആഴ്ചകൾക്കുള്ളിൽതന്നെ നട്ടുനനച്ച വിത്തുകളെല്ലാം മുളപൊട്ടുന്നതിലൂടെ പച്ചക്കറിത്തോട്ടം പച്ചപ്പുകൊണ്ട് നിറയാൻ തുടങ്ങും. വളർച്ചയുടെ ഓരോ ഘട്ടവും കുട്ടികൾക്കു നേരിട്ടു മനസിലാക്കാൻ സാധിക്കുന്നത് അവർക്കു ലഭിക്കുന്ന വലിയൊരു ഭാഗ്യമാണ്.
തോട്ടത്തിന്റെ പല ഭാഗങ്ങളിലും നട്ടുപിടിപ്പിച്ചിട്ടുള്ള ബന്തിച്ചെടികളുടെ പ്രത്യേക ഗന്ധം കീടങ്ങളെ പച്ചക്കറിത്തോട്ടത്തിൽനിന്ന് അകറ്റി നിർത്തുന്നു. ഇവർ സ്വീകരിച്ചിരിക്കുന്ന പ്രകൃതി തരുന്ന ഈ ജൈവ പ്രതിരോധ മാർഗം തികച്ചും മാതൃകാപരമാണ്.
സമഗ്രമായ മാറ്റങ്ങൾ
വിളവെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗിക്കുന്നതിലൂടെ വിഷാംശമില്ലാത്ത പച്ചക്കറികൾ കഴിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. സീസണ് സമയത്ത് ലഭിക്കുന്ന കുക്കുന്പർ ഉപയോഗിച്ച് നിർമിക്കുന്ന സലാഡ് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പറന്പിൽ ഏകദേശം 400 മൂട് കപ്പ കൃഷി ചെയ്യുന്നുണ്ട്, കപ്പയിലെ തന്നെ നാടൻ ഇനങ്ങളാണ് ഇവിടെ കൃഷിചെയ്ത് പോരുന്നത്.
ശീതകാല വിളകൾ
നവംബർ മാസത്തോടെ ശീതകാല കൃഷിക്ക് നിലമൊരുക്കുകയാണ് അടുത്ത ഘട്ടം. ശീതകാല വിളകളായ കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ നവംബർ മാസം നടുന്നതോടെ ശീതകാല കൃഷിക്കു തുടക്കമായി.
വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിടുന്ന ശീതകാല വിളകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും കാഴ്ചയുടെ വസന്തം വിടർത്തും. ഈ വിളകൾ കാണുന്നതിനും കൃഷി രീതികൾ മനസിലാക്കുന്നതിനുമായി ധാരാളം ആളുകൾ സ്കൂളിലെത്താറുണ്ട്.
കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ സ്കൂളിൽ ഭക്ഷ്യമേള നടത്തിവരുന്നു. തോട്ടത്തിൽനിന്നു പറിച്ചെടുക്കുന്ന കപ്പയും ചേനയും കാച്ചിലുമെല്ലാം ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങൾ മേളയുടെ മാറ്റുകൂട്ടുന്നു. നാടൻ വിഭവങ്ങൾ ആണ് ഭക്ഷ്യമേളയുടെ ആകർഷണീയത.
കപ്പബിരിയാണിയാണ് രുചിയിലും ജനപ്രീതിയിലും മുന്നിൽ. വറ്റ മീൻ കൊണ്ടുണ്ടാക്കിയ മീൻകറിയും കപ്പയും ആണ് മറ്റൊരു വിഭവം, കോളിഫ്ളവർ ബജി കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു വിഭവമാണ്.
ഒട്ടേറെ മറ്റു വിഭവങ്ങളും ഭക്ഷ്യമേളയിൽ ഇടം പിടിക്കാറുണ്ട് കൂടാതെ പറമ്പിൽനിന്നു ശേഖരിക്കുന്ന പച്ചക്കറികൾ, കപ്പ, ചേന, കാച്ചിൽ, ചേന്പ് തുടങ്ങിയവ വാങ്ങുവാൻ നിരവധി നാട്ടുകാരും മാതാപിതാക്കളും എത്തിച്ചേരാറുണ്ട്. നാടിന്റെ ഉത്സവമായി ഇവിടുത്തെ ഭക്ഷ്യമേള മാറിയിട്ടുണ്ട് എന്നതാണ് സത്യം.
Agriculture
പോളിഹൗസിൽ വളർത്തുന്ന ഇംഗ്ലീഷ് സാലഡ് കുക്കുംബറുകൾ ഉയർന്ന ഗുണമേ·യും സുരക്ഷിതത്വവുമുള്ളതും ഹോട്ടലുകൾ, റീട്ടെയിൽ ഷോപ്പുകൾ, സംസ്ഥാനത്തിനകത്തും പുറത്തും ആവശ്യക്കാരുള്ളതുമാണ്.
കായ്കൾ പറിച്ചെടുത്തതിനുശേഷം പ്രീ-കൂളിംഗ്, ശരിയായ പാക്കിംഗ്, യൂണിഫോം സൈസിംഗ്, കൂൾ ചെയിനിംഗ് എന്നിവ ഉറപ്പാക്കുമ്പോഴാണ് മികച്ച വിലയും സ്ഥിരമായ മാർക്കറ്റും ലഭിക്കുന്നത്.
ബ്രാൻഡിംഗ്, ഹൈജീൻ, സർട്ടിഫിക്കേഷൻ എന്നിവ കൂടി നൽകിയാൽ നിങ്ങളുടെ ഉത്പന്നം പ്രീമിയം മാർക്കറ്റിൽ മുന്നേറ്റം നേടും.
സലാഡ് കുക്കുംബറിന്റെ തൊലി വളരെ കട്ടികുറഞ്ഞതായതിനാൽ വിളവെടുപ്പിനുശേഷം അവയിലെ ഈർപ്പം നഷ്ടപ്പെട്ട് പെട്ടെന്ന് മൃദു ആകുന്നു. അതിനാൽ വിളവെടുപ്പിനുശേഷം 15 മിനിറ്റിൽ കൂടുതൽ വെയിലത്തു വെയ്ക്കരുത്.
അപ്പോൾ തന്നെ പായ്ക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കായ്കൾ വെയിലുകൊള്ളാതെ സുഷിരങ്ങളുള്ള ട്രേകളിൽ ആക്കി വെയ്ക്കണം. സലാഡ് കുക്കുമ്പർ രാവിലെ 7.30 ന് മുൻപ് പൊട്ടിച്ചെടുത്ത് 2 മണിക്കൂറിനുള്ളിൽ വിപണിയിലെത്തിച്ചാൽ അവയുടെ ജലാംശം നഷ്ടപ്പെട്ട് ഭാരം കുറയുന്നത് കുറക്കാനാകും.
സലാഡ് കുക്കുമ്പർ പറിച്ചെടുത്തശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം (കഴുകരുത്). കായ്കൾ ഗുണമേന്മ അനുസരിച്ച് തരംതിരിക്കണം. കായുടെ വലിപ്പം, തൊലിയുടെ കളർ, തിളക്കം, ആകൃതി എന്നിവയെ ആസ്പദമാക്കിയാണ് തരം തിരിക്കേണ്ടത്.
പറിച്ചെടുത്ത കായ്കൾ വായു സഞ്ചാരമുള്ള പെട്ടികളിലാക്കിയാണ് വിപണിയിൽ കൊണ്ടുപോകേണ്ടത് (ഒരു ബോക്സിൽ 10 മുതൽ 25 കി. ഗ്രാം വരെ വയ്ക്കാം). പ്ലാസ്റ്റിക് കവറിലോ കാറ്റു കടക്കാത്ത പെട്ടികളിലോ വെയ്ക്കരുത്.
അങ്ങനെ ചെയ്താൽ ചൂടുമൂലം തൊലിയുടെ കളർ മങ്ങി കായ മൃദുവായി മാറുന്നു. കായ്കൾ പെട്ടിയിലാക്കുന്നതിനു മുൻപ് ഓരോന്നും വെവ്വേറെ ഷ്രിംഗ് റാപ്പ് ഫിലിം കൊണ്ട് പാക്ക് ചെയ്താൽ ഈർപ്പനഷ്ടം ഒഴിവാക്കാനും ഗുണമേന്മ നിലനിർത്താനും കഴിയും.
ഇംഗ്ലീഷ് സാലഡ് കുക്കുംബറിന്റെ Pre-Cooling Methods 1. Room Cooling (Shade Cooling / Ambient Pre-cooling) ഏറ്റവും എളുപ്പവും സാധാരണ പ്രയോഗിക്കുന്ന രീതിയാണിത്.
വിളവെടുപ്പ് കഴിഞ്ഞ് 15-20 മിനിറ്റിനുള്ളിൽ സൂര്യപ്രകാശത്തിൽനിന്ന് മാറ്റി ഷേഡിൽ വെക്കുക. ന്ന, വാതിൽതുറന്ന ശുചിത്വമുള്ള ഒരു cool room/packing shed വെക്കുക. വെന്റിലേറ്റഡ് പെട്ടികളിലാക്കി 12 മണിക്കൂർ natural cooling.
Agriculture
തേനീച്ചകൃഷിയിലും വിപണനത്തിലും നവതരംഗമായി ന്യൂജൻ ദന്പതികൾ. കുമളി ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാമിന്റെ പുതുതലമുറ സാരഥികളായ ടോം ഫിലിപ്പും മരിയയുമാണ് ചരിത്രം സൃഷ്ടിക്കുന്നത്.
കുമളിയിലെ ബീ ഫാമിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് തേനീച്ചകളെ അടുത്തറിഞ്ഞ് തേൻ വാങ്ങാനുള്ള അവസരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. തേനീച്ചയുടെ ഉറ്റതോഴൻ കുമളി അട്ടപ്പള്ളത്ത് വട്ടംതൊട്ടിയിൽ ഫിലിപ്പ് മാത്യുവിന്റെ പാത പിന്തുടർന്നാണ് ബിടെക് ബിരുദധാരിയായ ടോം തേനീച്ച പരിപാലനത്തിലേക്ക് എത്തിയത്.
ടോമിനു കൂട്ടായി എത്തിയ എംഎസ്ഡബ്ല്യു ബിരുദധാരി മരിയയും കാനഡയിലെ ജോലി ഉപേക്ഷിച്ചാണ് ബിസിനസിൽ പങ്കാളിയായത്. ഇന്ത്യയിലും വിദേശത്തുമായി എഴുപത് ടണ്‍ തേൻ ഫിലിപ്സ് ഹണി വിപണിയിൽ എത്തിക്കുന്നുണ്ട്.
1993ൽ കുമളിയിലേക്ക് കുടിയേറിയ ഫിലിപ്പച്ചൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തേൻ ഉത്പാദകരിൽ ഒരാളാണ്. ഫിലിപ്പിന്റെ പുരയിടത്തിലും പരിസരത്തുമായി ആയിരത്തിലധികം വൻതേനീച്ചപ്പെട്ടികളും അറുനൂറിലധികം ചെറുതേനീച്ചപെട്ടികളുമുണ്ട്.
സീസണിൽ വൻതേൻ പെട്ടിയിൽനിന്ന് 20 കിലോയും ചെറുതേൻ പെട്ടിയിൽനിന്ന് 750 ഗ്രാമും തേൻ ലഭിക്കും.
Agriculture
സലാഡ് വെള്ളരി (ഇംഗ്ലീഷ് കുക്കുമ്പർ) കൃഷി ചെയ്യുമ്പോൾ ഹരിതഗൃഹത്തിൽ നല്ല വിളവ് തരുന്നതും നല്ല ഗുണമേന്മയും സ്വീകാര്യത ഉള്ളതുമായ ഇനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഗൈനോസിയസ്, പാർത്തനോകാർപിക്, F1ഹൈബ്രിഡ് ഇനങ്ങളാണ് പോളിഹൗസുകളിൽ ഉപയോഗിച്ചു വരുന്നത്. Powedery mildewവിനെതിരെയും കുക്കുമ്പർ മൊസൈക്കിനെതിരെയും വാട്ടർ മെലൻ മൊസൈക്കിനെതിരെയും പ്രതിരോധശക്തിയുള്ള എ1 ഹൈബ്രിഡ് ഇനങ്ങളാണ് മിക്കവാറും ഉപയോഗിച്ചു വരുന്നത്.
കാലാവസ്ഥ
പ്രകാശം, അന്തരീക്ഷത്തിലെ താപനില, ഈർപ്പം എന്നിവയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കുക്കുമ്പറിന്റെ വളർച്ചയെയും ഉത്പാദനക്ഷമയെയും ബാധിക്കുന്നു.
ചെടികൾക്കനുയോജ്യമായ രീതിയിൽ അന്തരീക്ഷ ക്രമീകരണവും പോഷകമൂലകങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയാൽ മാത്രമേ ഉയർന്ന ഉത്പാദനം നിലനിർത്താനാകൂ.
കുക്കുന്പർ മിതോഷ്ണമേഖലയിൽ വളരുന്ന സസ്യമാണ്. അനുയോജ്യമായ താപനിലയും ആർദ്രതയും ദീപ്തമായ പ്രകാശവും ഇവയുടെ ശരിയായ വളർച്ചക്ക് ആവശ്യമാണ്.
അനുകൂലമായ കാലാവസ്ഥയും മതിയായ പോഷകമൂലകങ്ങളും ലഭ്യമാക്കിയാൽ അവ മറ്റു പച്ചക്കറി വിളകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വളരുകയും ധാരാളം ഫലങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
പകൽ സമയത്ത്, 250c - 300c ഉം രാത്രിസമയത്ത് 180c - 220c ഉം താപനില ഇവയുടെ വളർച്ചയ്ക്ക് യോജിച്ചതാണ്. ദിവസം കുറച്ചുനേരം 300c - 350c ആയാലും ഇവയ്ക്ക് വലിയ പ്രശ്നം ഉണ്ടാകില്ല.
എന്നാൽ തുടർച്ചയായി ഉയർന്ന താപനില (> 320c) ആണെങ്കിൽ കായ്കളുടെ ഗുണനിലവാരത്തെ ബാധിക്കും. രാത്രിയിലെ താപനില 180c യിൽ താഴാതിരുന്നാൽ ഇവ വളരെ വേഗം വളർന്ന് പുഷ്പിക്കുന്നു.
താപനില 180c ൽ താഴ്ന്നാൽ ബഡ് ഉണ്ടാകുന്നതിനെ ബാധിക്കും. അതേസമയം 380cൽ ഉയർന്നാൽ പുഷ്പിക്കുന്നത് കുറയുകയും കായ പൊഴിഞ്ഞുപോകുകയും ചെയ്യും.
ഹരിതഗൃഹത്തിലെ ആർദ്രത 60-70% ആയിരിക്കുന്നതാണ് ഇവയുടെ ശരിയായ വളർച്ചക്ക് നല്ലത്. പ്രകാശത്തിന്റെ സാന്ദ്രത 80000-60000 ലക്സ് ആയിരുന്നാൽ ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനാകും.
Agriculture
ജൈവ രീതിയിലൂടെ ഏലം കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച നരിയമ്പാറ സ്വര്‍ണവിലാസം സ്വദേശി ലാല്‍ ഇല്ലം മുരുകേശന് സ്പൈസസ് ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്.
ചെറുകിട ഏലം കര്‍ഷകനുള്ള 50,000 രൂപയും ഫലകവും പ്രശ്സതി പത്രവുമടങ്ങുന്ന അവാര്‍ഡ് നെടുങ്കണ്ടത്ത് നടന്ന ചടങ്ങില്‍ മുരുകേശന് ഏറ്റുവാങ്ങി.
തന്റെ ആറരയേക്കര്‍ വരുന്ന ഏലത്തോട്ടത്തില്‍ രാസവളപ്രയോഗമോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് മുരുകേശന് കൃഷി ചെയ്യുന്നത്. തമിഴ്നാട് ഗൂഡല്ലൂരില്നിന്നാണ് മുരുകേശന് ഇടുക്കിയിലെത്തുന്നത്.
പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം പിതാവിന്റെ പാത പിന്തുടര്ന്ന് ഏലം കൃഷിയിലേക്ക് കടക്കുകയായിരുന്നു. മികച്ച വിളവു നല്കുന്ന ഞള്ളാനി ഗ്രീന്‍ ഗോള്‍ഡ് ആണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
ഉത്പാദനം അല്‍പ്പം കുറഞ്ഞാലും വര്‍ഷങ്ങളായി പിന്തുടര്ന്നു വരുന്ന പതിവു ജൈവ രീതിയില്‍നിന്ന് അണുവിട പിന്മാറാന് മുരുകേശന് തയാറല്ല. പശുക്കളുടെ ചാണകവും മൂത്രവും പഞ്ചഗവ്യവും ജീവാമൃതവുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്.
കീടനാശിനി പ്രതിരോധത്തിനായി ഇലക്കഷായവും ഉപയോഗിക്കും. കൃത്യമായ ഇടവേളകളില്‍ മണ്ണു പരിശോധനയും നടത്തും. ജൈവ രീതിയിലുള്ള കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഏലക്കാ ഗുണമേന്മയില് മുന്‍പന്തിയിലായിരിക്കും എന്നതാണ് പ്രധാന മേന്മ.
എട്ടിനു മുകളില്‍ ബോള്ട്ടുള്ള കായ് ലഭിക്കുന്നതിനാല്‍ ലേല കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട വിലയും ലഭിക്കും. വിദേശത്തേക്കും മറ്റും കയറ്റിയയ്ക്കാനായി കച്ചവടക്കാര്‍ ജൈവ ഏലക്കാ വാങ്ങുന്നുണ്ട്.
മരുന്നുനിര്‍മാണ കമ്പനികളും ഓര്‍ഗാനിക് ഏലക്കാ കൂടുതലായി വാങ്ങുന്നുണ്ട്. ഏലത്തിന് ഇടവിളയായി കുരുമുളക്, പപ്പായ, ജാതി, ഗ്രാമ്പു ഉള്‍പ്പെടെയുള്ളവയും കൃഷി ചെയ്യുന്നുണ്ട്.
ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും കണക്കിലെടുത്ത് കേന്ദ്ര കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പ് നല്കുന്ന നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്റെ സ്കോപ്പ് സര്‍ട്ടിഫിക്കറ്റ് മുരുകേശനു ലഭിച്ചിട്ടുണ്ട്.
ഭാര്യ മഹാലക്ഷ്മിയും മകന് നിരഞ്ജ് കുമാറുമാണ് പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത്.
Agriculture
കാസർഗോഡ് ജില്ലയുടെ കിഴക്കേയറ്റത്ത് കർണാടക അതിർത്തിമേഖലയിൽ കേരള കൃഷിവകുപ്പിനു കീഴിൽ അര നൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ഫാമാണ് ആദൂർ ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ്.
മികച്ചയിനം കശുമാവിൻതൈകൾ ഉല്പാദിപ്പിക്കുകയാണ് ഫാമിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞവർഷം മാത്രം ഒരു കോടിയിലേറെ രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയത്. സർക്കാർ മേഖലയിലുള്ള ഒരു ഫാം ഇത്രയും ഉയർന്ന വരുമാനം നേടുന്നത് അത്യപൂർവമാണ്.
ഈ സാന്പത്തിക വർഷം മാത്രം വിവിധ ഇനങ്ങളിൽപ്പെട്ട 1.17 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെനിന്നും കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.
ഒരു ലക്ഷത്തോളം തൈകൾ ഇപ്പോൾ വില്പനയ്ക്ക് തയാറായി നിൽക്കുന്നു. കർണാടകയിലെ വിവിധയിടങ്ങളിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാം ഇവിടെനിന്നും കശുമാവിൻതൈകൾ വിതരണം ചെയ്യപ്പെടുന്നുണ്ട്.
വടക്കൻ കേരളത്തിലും കർണാടകയിലും റബർകൃഷി വ്യാപിച്ച കാലത്ത് തീർത്തും കുറഞ്ഞുപോയ കശുമാവ് കൃഷി ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതിന്റെ സൂചനകളാണ് എങ്ങും കാണുന്നതെന്ന് ഫാമിന്റെ ഭരണചുമതല വഹിക്കുന്ന കശുവണ്ടി വികസന ഓഫീസർ മനു നരേന്ദ്രനും ഫാം ഓഫീസർ എൻ. സൂരജും പറയുന്നു.
ഇവിടെനിന്നുള്ള മികച്ചയിനം കശുമാവിൻതൈകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് എത്തിപ്പെടാൻ പോലും പ്രയാസമായ ഈ സ്ഥലത്തേക്ക് മേൽത്തരം കശുമാവിൻ തൈകൾ അന്വേഷിച്ചുമാത്രം എത്തുന്നവർ ഏറെയാണ്.
250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഫാമിൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ധന, ധരശ്രീ, പ്രിയങ്ക എന്നിവയും കർണാടകയിൽ നിന്നുള്ള ഭാസ്കരയുമടക്കം അത്യുല്പാദന ശേഷിയുള്ള ഇനങ്ങളും ഇവയുടെ മാതൃ സസ്യങ്ങളും സംരക്ഷിച്ചുവരുന്നുണ്ട്.
കശുമാവിന് പുറമേ ഒട്ടുമാവിൻ തൈകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, ഒട്ടുപ്ലാവ്, വിയറ്റ്നാം ഏർലി പ്ലാവ്, പേര, കുരുമുളക്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയും ശാസ്ത്രീയവും ജൈവവുമായ രീതിയിൽ ഇവിടെ വളർത്തിയെടുക്കുന്നുണ്ട്.
ഫാമിനും നഴ്സറിക്കും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ ഡെവലപ്മെന്റിന്റെ അക്രഡിറ്റേഷൻ ലഭിച്ചത് അടുത്തിടെയാണ്. കേരളത്തിൽ ആദ്യമായാണ് സർക്കാർ-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന് ഈ അംഗീകാരം ലഭിക്കുന്നത്.
സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം നേരത്തേ സൂരജിനെ തേടിയെത്തിയിരുന്നു. ഇവിടെനിന്ന് അധികം അകലെയല്ലാതെ കർണാടകയിലെ പുത്തൂരിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിനു കീഴിൽ ഒരു കശുമാവ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
അവിടെ പുതുതായി വികസിപ്പിച്ചെടുത്ത മികച്ച ഉല്പാദനശേഷിയും വലിപ്പവും മറ്റു ഗുണങ്ങളുമുള്ള നേത്ര ജംബോ, നേത്രഗംഗ, ഉദയ തുടങ്ങിയ സവിശേഷ ഇനങ്ങളുടെ തൈകൾ ആദൂരിൽ ഉല്പാദിപ്പിക്കുന്നുണ്ട്.
മാടക്കത്തറ, പൂർണിമ, അക്ഷയ, നിഹാര തുടങ്ങി കേരളത്തിൽ നിന്നുതന്നെയുള്ള സങ്കരയിനങ്ങളും ഇവിടെ പിറവികൊള്ളുന്നു. ഇവയിലേറെയും ചുരുങ്ങിയ കാലംകൊണ്ട് വിളവെടുക്കാൻ പ്രാപ്തമായവയാണ്.
സങ്കരയിനം തൈകൾ ബഡ് ചെയ്ത് തയ്യാറാക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിനായി വിശാലമായ പോളി ഹൗസുകൾ ഇവിടെയുണ്ട്. രാസകീടനാശിനികൾ പൂർണമായും രാസവളങ്ങൾ പരമാവധിയും ഒഴിവാക്കി ജൈവമാർഗങ്ങൾ മാത്രം സ്വീകരിച്ചാണ് ഇവിടെ കശുമാവിൻതൈകൾ വളർത്തിയെടുക്കുന്നത്.
സമ്മിശ്ര കൃഷിയുടെ വർത്തമാനകാലത്തും ഭാവിയിലും നമ്മുടെ കൃഷിയിടങ്ങളിൽ കശുമാവിനും നല്ലൊരു സ്ഥാനമുണ്ടെന്ന കാര്യത്തിന് അടിവരയിടുകയാണ് ആദൂർ ഫാമിന്റെ പ്രവർത്തനനേട്ടങ്ങൾ.
Agriculture
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവ് ഡാമിന്റെ സമീപത്തുളള മുത്തിയുരുണ്ട ജംഗ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടാൽ ജോസഫ് ആന്റണി തെക്കേക്കുറ്റിന്റെ പച്ചക്കറി കൃഷിയിടമായി. മൂന്നേക്കറോളം വരുന്ന കറുത്ത എക്കൽ മണ്ണിൽ ഈ കർഷകൻ വിളയിച്ചെടുക്കുന്നത് കാർഷിക സമൃദ്ധിയുടെ വിജയഗാഥ.
കോവൽ, വള്ളിപ്പയർ, ചതുരപ്പയർ, തക്കാളി, മാലിമുളക്, പച്ചമുളക്, കോളിഫ്ളവർ, കാബേജ്, പപ്പായ എന്നിവയെല്ലാം നൂറുമേനി വിളവ് നൽകുന്നു.
കുടിയേറ്റ കർഷകൻ
75 വർഷം മുമ്പ് മാതാപിതാക്കളായ ആന്റണി-മറിയക്കുട്ടി ദമ്പതികൾ പൂഞ്ഞാറിൽനിന്ന് ഇടുക്കി ഏഴുകുംവയലിലേക്കും അവിടെനിന്ന് തോപ്രാംകുടിക്ക് സമീപം പ്രകാശിലേക്കും കുടിയേറുകയായിരുന്നു.
35 വർഷം മുമ്പാണ് ജോസഫും കുടുംബവും മുത്തിയുരുണ്ടയിലേക്ക് സ്ഥലം വാങ്ങിയെത്തിയത്. നല്ല മണ്ണ് തേടിയുള്ള യാത്രയായിരുന്നു അത്. കുളമാവിന്റെ തണുപ്പ് നിറഞ്ഞതും മഞ്ഞണിഞ്ഞതുമായ കാലാവസ്ഥയിൽ എന്തു നട്ടാലും തഴച്ചു വളരുമായിരുന്നു.
കോവലും വള്ളിപ്പയറും
ഇരുപതു സെന്റ് സ്ഥലത്ത് 25 വർഷം മുമ്പാണ് ജോസഫ് കൃഷിയാരംഭിച്ചത്. തോപ്രാംകുടിയിൽനിന്ന് കൊണ്ടുവന്ന കോവൽ തണ്ടുകളാണ് നട്ടുപിടിപ്പിച്ചത്. തടമെടുത്താണ് കോവൽത്തണ്ട് നടുന്നത്. വളർന്ന് പടർന്നു കയറുന്നതിന് പന്തൽ സജ്ജമാക്കിയിട്ടുണ്ട്.
75-ഓളം ചുവട് കോവലാണ് പടർന്നു നിൽക്കുന്നത്. ദിവസവും നനച്ചു കൊടുക്കും. കോഴിവളവും ചാണകവുമാണ് നൽകുന്നത്. മേമ്പോടിയായി ഫാക്ടംഫോസും പൊട്ടാഷും ഇട്ടുകൊടുക്കും. രോഗബാധ തടയാൻ ജൈവകീടനാശിനി തളിച്ചു കൊടുക്കും. കിലോയ്ക്ക് 35-45 രൂപയ്ക്കാണ് കോവയ്ക്ക വിൽപന നടത്തുന്നത്.
75 സെന്റ് സ്ഥലത്താണ് വള്ളിപ്പയർ കൃഷി. വയലറ്റ്, പച്ച നിറമുള്ള പയർ 170 ചുവടാണ് കൃഷി ചെയ്തിരിക്കുന്നത്. തൃശൂരിൽ നിന്നാണ് വിത്ത് വാങ്ങിയത്. ലോല, ചേലലോക്കൽ ഇനങ്ങളിലുള്ളതാണ് പച്ചപ്പയർ.
ഏതാനും ചുവട് നീളൻ ചതുരപ്പയറുമുണ്ട്. കിലോയ്ക്ക് 40-45 രൂപക്കാണ് പയർ വിൽക്കുന്നത്. മുത്തിയുരുണ്ടയിൽ കൃഷിഭവൻ നടത്തുന്ന വിപണിയിലാണ് വിൽപന. കൃഷിഭവനിൽനിന്ന് സബ്സിഡി ലഭിക്കുന്നുണ്ട്.
Agriculture
പേരിനുവേണ്ടി മാത്രം മട്ടുപ്പാവിൽ പച്ചക്കറി കൃഷി തുടങ്ങി മൂന്നോ നാലോ മാസം കൊണ്ട് പൂട്ടിക്കെട്ടി പോകുന്നവർക്കിടയിലാണ് ചന്ദ്രേട്ടൻ വ്യത്യസ്തനാകുന്നത്. ഒന്നും രണ്ടുമല്ല...18 വർഷമായി മട്ടുപ്പാവിലെ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കുന്ന ജൈവകർഷകനാണ് ഫറോഖ് ചെറുവണ്ണൂർ ചാലിയകത്ത് ചന്ദ്രൻ (59).
ചന്ദ്രന്റേത് ഒരു അഡാർ പച്ചക്കറി തോട്ടമാണെന്നു കാണുന്നവരെല്ലാം സമ്മതിക്കും. എന്തൊക്കെയാണ് മട്ടുപ്പാവിൽ വിളയുന്നത് എന്നതിനു പകരം എന്തൊക്കെയാണ് ഇല്ലാത്തതെന്നു ചോദിച്ചാലും പെടും. കാരണം പൊതുവിപണിയിലെ പച്ചക്കറി കടകളിൽ ലഭിക്കുന്ന പച്ചക്കറികളെല്ലാം ചന്ദ്രേട്ടന്റെ മട്ടുപ്പാവിലുണ്ട്.
സവാള, വെളുത്തുള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവർ, മല്ലിയില, പുതിനയില, കറിവേപ്പില, പച്ചമുളക്, കാബേജ്, കാപ്സിക്കം, പാവയ്ക്ക, വെണ്ടക്ക, തക്കാളി, വഴുതന, പാവൽ, ഉരുളക്കിഴങ്ങ്, പയർ, പടവലം, കക്കിരി.... തുടങ്ങി മാർക്കറ്റിൽ കിട്ടുന്ന എല്ലായിനം പച്ചക്കറികളും നിലംതൊടീക്കാതെ ചന്ദ്രൻ പരിപാലിക്കുന്നുണ്ട്.
രാസ, കീടനാശിനികൾ പ്രയോഗിക്കാത്ത ശുദ്ധമായ പച്ചക്കറികൾ സ്വന്തം ആവശ്യത്തിന് ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീടിന്റെ മട്ടുപ്പാവിൽ ചന്ദ്രേട്ടൻ തുടങ്ങിയ കൃഷി നാട്ടിൽ വൻഹിറ്റാണ്.
പച്ചക്കറി കൃഷി ചെയ്യാൻ സ്വന്തമായി സ്ഥലമില്ലാവരാണോ? അത്തരം ആശങ്കയുള്ളവർക്കു ചന്ദ്രനിൽനിന്ന് കൃഷിയുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാം. സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 1300 ചതുരശ്ര അടിയിൽ വീട് നിർമിച്ചതോടെ കൃഷി ചെയ്യാൻ സ്ഥലമില്ലാതായി. ചെറുപ്പം മുതലേ കൃഷിയിൽ തത്പരനായിരുന്ന ചന്ദ്രനു കൃഷി ചെയ്യാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ലതാനും.
അങ്ങനെയാണ് മട്ടുപ്പാവിലേക്ക് ചന്ദ്രൻ വിത്തുകളുമായി ചേക്കേറിയത്. ആദ്യം സിമന്റ് ചാക്കുകളിലായിരുന്നു കൃഷി. ആറുമാസമാകുന്പോഴേക്കും സിമന്റ് ചാക്ക് ദ്രവിച്ചു തുടങ്ങും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് തലപുകച്ചപ്പോഴാണ് 30 ലിറ്ററിന്റെ കന്നാസ് വാങ്ങി രണ്ടായി കീറി അതിൽ കൃഷി ചെയ്യാമെന്നു കണ്ടെത്തിയത്.
മട്ടുപ്പാവിൽ നന്നായി വെയിലടിക്കുമെന്നതിനാൽ ആവശ്യത്തിനു വളവും ജലവും കൊടുത്തപ്പോൾ പച്ചക്കറികൾ നന്നായി വിളഞ്ഞു. മഴക്കാലമായാലും വേനൽക്കാലമായാലും ചന്ദ്രന്റെ പച്ചക്കറിത്തോട്ടം സമ്പന്നമാണ്.
പച്ചക്കറികൾക്ക് ചന്ദ്രേട്ടൻ മാർക്കറ്റിനെ ആശ്രയിക്കാറില്ല. ആവശ്യത്തിൽ കൂടുതൽ പച്ചക്കറികൾ വിളയുന്നുണ്ടെങ്കിലും ചന്ദ്രൻ ഇതുവരെ വിലയ്ക്ക് മറ്റുള്ളവർക്ക് കൊടുത്തിട്ടില്ല. ബന്ധുക്കൾ വീട്ടിൽ വന്നാൽ അവർ തിരികെ പോകുന്നത് ഒരു മുറം പച്ചക്കറികളുമായാണ്.
ചന്ദ്രൻ കാരണം അയൽവാസികൾക്കും നല്ല പച്ചക്കറികൾ കഴിക്കാം. പശുവിനെ വളർത്തുന്ന അയൽവീടുകളിൽനിന്ന് കൃഷി ആവശ്യത്തിന് ചന്ദ്രന് ചാണകം ലഭിക്കുന്നത് സൗജന്യമായാണ്. അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ച് ചന്ദ്രനും അയൽവാസികളും പരിസ്ഥിതി സംരക്ഷണാർത്ഥം സ്നേഹവലയം തീർക്കുകയാണ്.
2024ൽ ചന്ദ്രനും സുഹൃത്തുക്കളും ചേർന്നുള്ള സ്വാശ്രയ സംഘം ചെറുവണ്ണൂർ സഹകരണ ബാങ്കിന്റെ ഭൂമിയിൽ ജൈവപച്ചക്കറി കൃഷി ചെയ്തത് വിജയകരമായിരുന്നു. ഇത്തവണ പൊറ്റമ്മൽ നെല്ലിക്കോട് ശ്രീനിവാസൻ എന്നയാൾ ചന്ദ്രന് കൃഷി ചെയ്യാൻ സ്ഥലം സൗജന്യമായി നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം അക്ഷയപാത്രമായി മാറിയതിന്റെ സന്തോഷത്തിലാണ് ചന്ദ്രന്റെ ഭാര്യ രജിത. ഇന്നെന്താണ് കറി വയ്ക്കുക എന്ന വീട്ടമ്മമാരുടെ പതിവ് പരിവേദനമൊന്നും ചന്ദ്രന്റെ വീട്ടിൽനിന്നുയരുന്നില്ല.
ഓണത്തിനു മാത്രമല്ല, എപ്പോഴായാലും ഒരു മുറം പച്ചക്കറികൾ കിട്ടും മട്ടുപ്പാവിൽ നിന്ന്. വീട്ടുജോലികൾ കഴിഞ്ഞാൽ ചന്ദ്രനെ കൃഷിയിൽ സഹായിക്കുകയാണ് രജിതയുടെ വിനോദം. ചാലിയം ഇന്പിച്ചി സ്കൂൾ അധ്യാപികയായ മകൾ അഷ്നയും മകൻ അഷിനും ചന്ദ്രന്റെ കൃഷിക്ക് പൂർണ പിന്തുണയും സഹകരണവും നൽകുന്നുണ്ട്.
വിവിധ സർക്കാർ, സ്വകാര്യ ഏജൻസികളുടെതായി ചന്ദ്രന് 20ലേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തനിക്കറിയാവുന്ന വിവരങ്ങൾ മറ്റുള്ളവർക്കു പങ്കുവയ്ക്കാനും ചന്ദ്രൻ സമയം കണ്ടെത്തുന്നുണ്ട്. കൃഷി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ നാട്ടിലെങ്ങും കൃഷി സംബന്ധമായ ക്ലാസുകൾ എടുക്കുന്നതും ചന്ദ്രനാണ്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അങ്കണവാടി ജീവനക്കാർക്കുമെല്ലാം കൃഷി പാഠങ്ങൾ വിവരിച്ചുകൊടുക്കാൻ വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ ആദ്യം ക്ഷണിക്കുന്നത് ചന്ദ്രനെയാണ്.
ഫോണ്‍: 9447425797
Agriculture
എറണാകുളം തിരുമാറാടി പാടശേഖരം പച്ചപ്പിൽ കുളിച്ചു നിൽക്കുകയാണ്. കതിരിട്ട നെൽച്ചെടികളിൽനിന്നു നൂറുമേനി വിളവ് പ്രതീക്ഷയിലാണ് കർഷകർ. പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കൃഷി.
പത്തു പാടശേഖസമിതികളാണ് ഉള്ളത്. തിരുമാറാടി, മണ്ണത്തൂർ, ഒലിയപ്പുറം, മൊടക്കുറ്റി, കാക്കൂർ എന്നിങ്ങനെ 150 ഹെക്ടർ പാടമാണുള്ളത്. ഇതിൽ 62 ഹെക്ടറിൽ മാത്രമാണ് കൃഷി. കർഷകസംഘങ്ങളുടെ നേതൃത്വത്തിൽ നെല്ലായും അരിയായുമാണ് വിപണനം.
പാരന്പരാഗതമായി നെൽകൃഷി ചെയ്യുന്ന കർഷകർ മാത്രമാണ് കൃഷി തുടരുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് കൃഷി. വിത്ത് അനുസരിച്ച് 110 മുതൽ 150 ദിവസം വരെയാണ് നെല്ലിന്റെ വിളവ്. നടീലും വിതയുമാണ് പാടത്ത് നടുന്നത്. യന്ത്രം ഉപയോഗിച്ചും ഞാറ് നടുന്നുണ്ട്.
എആർ 5, ഉമ, കുഞ്ഞൂഞ്ഞ്, സൗപർണിക, മണിരത്ന വിത്തുകളാണ് സാധാരണ നടുന്നത്. യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടക്കുന്നത്. എറണാകുളം ജില്ലയുടെ നെല്ലറയാണ് തിരുമാറാടി.
കൊയ്ത്തിന്റെ വിജയാഘോഷമായാണ് കാക്കൂർ കാളവയൽ നടത്തുന്നത്. എന്നാൽ, പ്രദേശത്ത് നെൽകൃഷി വർഷാവർഷം കുറഞ്ഞുവരുകയാണ്. ഇരുപ്പൂകൃഷി ചെയ്തിരുന്ന പാടങ്ങളിൽ ഇപ്പോൾ ഒറ്റ കൃഷിയാണ് ഉള്ളത്.
കൃഷിച്ചെലവ് വർധിക്കുന്നതിന് അനുസരിച്ച് വരുമാനം ലഭിക്കാത്തതിനാൽ ആശങ്കയിലായ കർഷകർ കൃഷി കുറച്ചുകൊണ്ടുവരുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ കാർഷിക മേഖലയെ പാടേ അവഗണിച്ചു.
ഒരു കിലോ നെല്ല് ഉത്പാദിപ്പിക്കാൻ തിരുമാറാടി മേഖലയിൽ 50 മുതൽ 60 രൂപ വരെ ചെലവാകുന്നുണ്ട്. സർക്കാർ നെല്ല് സംഭരിക്കുന്നത് 30 രൂപ നിരക്കിലാണ്. കൊയ്ത് വൃത്തിയാക്കി, നെൽ സംഭരിച്ചു വച്ചാൽ സർക്കാർ സമയത്ത് എടുക്കില്ല.
പതിര്, ഉണക്കുകുറവ് എന്നിങ്ങനെ പല തൊടുന്യായങ്ങളും പറഞ്ഞ് തൂക്കത്തിൽ കിഴിവ് വരുത്തുന്നു. അവസാനം സംഭരിച്ച നെല്ലിന്റെ പണം വായ്പയായാണ് കർഷകർക്കു നൽകുന്നത്.
ഇങ്ങനെ വായ്പ നൽകുന്നത് കർഷരുടെ സിബിൽ സ്കോറിനെ ബാധിച്ചെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വായ്പയ്ക്കു ബാങ്കുകളെ സമീപിക്കുന്പോൾ പണം ലഭിക്കുന്നില്ലെന്നും കർഷകനായ ഷാജി പുന്നമറ്റം പറഞ്ഞു.
കൃഷിക്ക് ആവശ്യമായ വളങ്ങൾ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പ്രധാനപരാതി. ഭീമമായ വില കൊടുത്ത് കൂട്ടുവളങ്ങൾ ഇടാൻ സാധിക്കില്ല. യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങൾ ആവശ്യമുള്ള സമയത്ത് ലഭിക്കുന്നില്ല.
ഇതു മൂലം വളപ്രയോഗ രീതിയിൽ മാറ്റം വരുത്തേണ്ടിവന്നു. സർക്കാർ പ്രഖ്യാപിക്കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും സമയ ബന്ധിതമായി കർഷകർക്കു ലഭിക്കുന്നില്ല. ഉഴവൂർ, വാളിയപ്പാടം തോട്ടിലെ ജലനിരപ്പ് അനുസരിച്ചാണ് തിരുമാറാടി പാടശേഖരത്ത് കൃഷി ഇറക്കുന്നത്.
ഇരുതോടുകളിലും ചിറകൾ ശാസ്ത്രീയമായി നിർമിക്കാത്തതിനാൽ ജലസേചനത്തിന് ബുദ്ധിമുട്ടുണ്ട്. രണ്ടു വർഷമായി പണിനടക്കുന്ന ചിറയുടെ നിർമാണം പൂർത്തിയാക്കിട്ടില്ല. അതിനാൽ, മൊടക്കുറ്റി പാടശേഖരത്തിലെ കൃഷി അനിശ്ചിതത്വത്തിലാണെന്ന് കർഷകരനായ സിബി ജോസ് പറഞ്ഞു.
Agriculture
തൊടുപുഴ അഞ്ചിരി പാടശേഖരത്ത് വിളവെടുപ്പ് തുടങ്ങി. പാലക്കാട് നിന്നെത്തിച്ച കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് തൊടുപുഴയുടെ നെല്ലറയായ അഞ്ചിരി, തലയനാട് മേഖലകളിലെ പാടശേഖരത്ത് കൊയ്ത്ത് ആരംഭിച്ചത്.
പ്രതിസന്ധി മൂലം ജില്ലയിലെ പാടശേഖരങ്ങള്‍ പലതും വിസ്മൃതിയിലായപ്പോഴും പാടശേഖര സമിതിയുടെ കൂട്ടായ്മയില്‍ ഇവിടെ നെല്‍കൃഷി അന്യംനിന്നു പോകാതെ തുടരുകയാണ്.
കര്‍ഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന നെല്‍കൃഷിയോടുള്ള ആത്മബന്ധവുമാണ് ഇവരെ നെല്‍പ്പാടങ്ങളിലേക്ക് ഓരോ വര്‍ഷവും എത്തിക്കുന്നത്. പ്രതിസന്ധി മൂലം ഈ വര്‍ഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്
ഒരു നൂറ്റാണ്ട് മുമ്പാണ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇടവെട്ടി പഞ്ചായത്ത് മുതല്‍ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടുകിടക്കുന്ന പാടശേഖരമായിരുന്നു ഇത്.
120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തില്‍ നെല്കൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെല്‍കൃഷി ചെയ്തിരുന്ന നിലത്തിന്റെ വിസ്തീര്‍ണം കുറഞ്ഞു. കൂടുതല്‍ സ്ഥലത്തും തെങ്ങുള്‍പ്പെടെ മറ്റു വിളകള്‍ ഇടം പിടിച്ചു.
എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കര്‍ഷകര്‍ നെല്‍കൃഷി ചെയ്തു വരുന്നുണ്ട്.
വറ്റാത്ത ജലലഭ്യത
വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടില്‍ ചെറു ചെക്ക്ഡാമുകളുമുണ്ട്. അതിനാല്‍ വേനല്‍ക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും.
ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ചിരിക്കുന്ന ചെക്ക്ഡാമും ഇവിടെയുണ്ട്. ഓരോ കര്‍ഷകനും പാടത്തേക്കാവശ്യമായ വെള്ളം തിരിച്ചുവിട്ടാണ് കൃഷി ചെയ്യുന്നത്.
വര്‍ഷത്തില്‍ രണ്ടു കൃഷി
വര്‍ഷത്തില്‍ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണില്‍ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറില്‍ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകന്‍ കൃഷിയും.
ഉമ, കുഞ്ഞൂഞ്ഞ്, ഐആര്‍എസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങള്‍. ട്രാക്ടര്‍ ഉപയോഗിച്ചാണ് നിലം ഒരുക്കല്‍. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്ന് ഞാറു നടും. വിളവെടുപ്പാകുമ്പോള്‍ പാലക്കാടുനിന്നു യന്ത്രമെത്തിച്ച് കൊയ്ത്തും നടത്തും.
Agriculture
കൊല്ലം നഗരത്തിൽ വെറും അഞ്ച് സെന്റ് ഭൂമിയിൽ ഒരു ഏദൻതോട്ടം. വിദേശികളും സ്വദേശികളുമായ ഫലച്ചെടികളും ഔഷധസസ്യങ്ങളും ചെടികളുംകൊണ്ടുനിറഞ്ഞ ഒരു പറുദീസ. ഇതാണ് ജേക്കബിന്റെ സ്വർഗരാജ്യം. വനംവകുപ്പും കൃഷിവകുപ്പും ഒരുപോലെ അവാർഡുകൾ നൽകി അഭിനന്ദിക്കുന്ന കർഷകൻ.
ആരെയും ആകർഷിക്കുന്ന, ഫലങ്ങളാൽ സംതൃപ്തമായ മരങ്ങളും ചെടികളും കൊണ്ടു ജേക്കബിന്റെ ഏദൻതോട്ടം പൂത്തുലഞ്ഞുനിൽക്കുന്നു. മുണ്ടയ്ക്കൽ കിർത്തനം ഭവനത്തിൽ ജേക്കബ് എസ്. മുണ്ടപ്പുളം എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭവനത്തിലാണ് ഈ പച്ചപ്പ് നിറഞ്ഞുനിൽക്കുന്നത്.
ഈ ഹരിതഭംഗി ആരെയും കൊതിപ്പിക്കും. കേരള പോലീസിന്റെ റെയിൽവേ വിംഗിൽനിന്നും സബ് ഇൻസ്പെക്ടറായിട്ടാണ് ജേക്കബ് വിരമിച്ചത്. നിലവിൽ ന·രം ഗ്ലോബൽഫൗണ്ടേഷൻ ചീഫ് കോർഡിനേറ്ററാണ്.
ചൈന, തായ്ലാൻഡ്, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂർ, കമ്പോഡിയ, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന പഴങ്ങൾ നമ്മുടെ മണ്ണിലും കാലാവസ്ഥയിലും നന്നായി വളരുമെന്നു തെളിയിക്കുകയാണ് ജേക്കബിന്റെ പുരയിടം. ജേക്കബിന്റെ ടെറസ് ഒന്നു കാണണം.
Agriculture
തൊടുപുഴയുടെ നെല്ലറയാണ് അഞ്ചിരി. ഇടുക്കിയിലെ പാടശേഖരങ്ങൾ പലതും വിസ്മൃതിയിലായെങ്കിലും അഞ്ചിരി പാടശേഖരവും കാർഷിക കൂട്ടായ്മയും ഇപ്പോഴും നിലനിന്നുപോകാൻ കാരണം ഇവിടത്തെ കർഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടർന്നു പോരുന്ന നെൽകൃഷിയോടുള്ള ആത്മബന്ധവുമാണ്.
നെൽകൃഷി ഇവിടത്തെ കർഷകർക്ക് നഷ്ടത്തിന്റെ കണക്കുകളാണ് സമ്മാനിക്കുന്നതെങ്കിലും ഇപ്പോഴും നിലമൊരുക്കി കൊയ്ത്തുപാട്ടിന്റെ ശീലുകൾ ഉരുവിട്ട് മുടങ്ങാതെ ഇവർ ഓരോ വർഷവും വിത്തെറിയുമ്പോൾ മനസിൽ നിറയുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. അഞ്ചിരി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ നെൽകൃഷി മുടക്കം കൂടാതെ നടത്തിവരുന്നത്.
കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്
ഒരു നൂറ്റാണ്ടു മുമ്പ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. പതിറ്റാണ്ടുകൾക്കുമുന്പ് ഇവിടെ കുടിയേറി താമസിച്ച കർഷകർ പിന്നീടു നിലംനികത്തി പാടശേഖരമാക്കി മാറ്റുകയായിരുന്നു.
ഇടവെട്ടി പഞ്ചായത്തു മുതൽ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടു കിടക്കുന്ന പാടശേഖരമായിരുന്നു ഇത്. 120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തിൽ നെൽകൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെൽകൃഷി ചെയ്തിരുന്ന നിലത്തിന്റെ വിസ്തീർണം കുറഞ്ഞു.
കൂടുതൽ സ്ഥലത്തും തെങ്ങുൾപ്പെടെ മറ്റു വിളകൾ ഇടം പിടിച്ചു. എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കർഷകർ നെൽകൃഷി ചെയ്തു വരുന്നുണ്ട്.
വറ്റാത്ത ജലലഭ്യത
വർഷത്തിൽ ഒരിക്കൽപോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടശേഖരത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടിൽ ചെറു ചെക്കുഡാമുകളുമുണ്ട്. അതിനാൽ വേനൽക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും.
ഇറിഗേഷൻ വകുപ്പ് നിർമിച്ചിരിക്കുന്ന ചെക്ക് ഡാമും ഇവിടെയുണ്ട്. ഓരോ കർഷകരും പാടത്തേക്ക് ആവശ്യമായ വെള്ളം തിരിച്ചു വിട്ടാണ് കൃഷി ചെയ്യുന്നത്.
വർഷത്തിൽ രണ്ടു കൃഷി
വർഷത്തിൽ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണിൽ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറിൽ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകൻ കൃഷിയും. മുണ്ടകൻ കൃഷി എല്ലാവരും ചെയ്യും.
ഉമ, കുഞ്ഞൂഞ്ഞ്, ഐആർഎസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങൾ. പ്രതിസന്ധി മൂലം ഈ വർഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായത്. വിരിപ്പുകൃഷി സമയത്ത് കനത്ത മഴയായതിനാൽ വിളനാശം ഭയന്നാണ് കൃഷിയിറക്കാതിരുന്നത്.
ട്രാക്ടർ ഉപയോഗിച്ചാണ് നിലം ഒരുക്കൽ. തൊഴിലാളികളും കർഷകരും ചേർന്ന് ഞാറു നടും. വിളവെടുപ്പാകുന്പോൾ പാലക്കാടുനിന്നും യന്ത്രമെത്തിച്ച് കൊയ്ത്തു നടത്തുകയാണ് ചെയ്യുന്നത്.
വിൽപ്പന സപ്ലൈകോ വഴി
സപ്ലൈക്കോയ്ക്കാണ് നെല്ല് വിൽപ്പന നടത്തുന്നത്. കൃഷിയിറക്കി 40 ദിവസത്തിനുള്ളിൽ സപ്ലൈക്കോയിൽ ബുക്ക് ചെയ്യണം. കഴിഞ്ഞയാഴ്ച മുതൽ ഈ വർഷത്തെ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ വർഷം 35 ടണ്‍ നെല്ലാണ് സപ്ലൈക്കോയ്ക്ക് കൈമാറിയത്.
സപ്ലൈക്കോ നിർദേശിക്കുന്ന മില്ലുടമകൾ വാഹനങ്ങളുമായി എത്തി നെല്ല് കൊണ്ടുപോകും. നെല്ല് തൂക്കി ചാക്കിലാക്കി വാഹനത്തിൽ കയറ്റിക്കൊടുക്കണം.
എന്നാൽ സപ്ലൈക്കോയിൽനിന്നു നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസം പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
സർക്കാർ സഹായം
നിലവിൽ നെൽകൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിവകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്. നെൽകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ഹെക്ടറിന് 4,500 രൂപ നിരക്കിലാണ് സബ്സിഡി ലഭിക്കുന്നത്.
ഇതിനു പുറമേ ത്രിതല പഞ്ചായത്തുകൾ നെൽകൃഷിയുടെ കൂലിച്ചെലവുകൾ എന്ന പേരിലും സഹായധനം നൽകാറുണ്ട്. എല്ലാ വർഷവും ഇളംദേശം ബ്ലോക്കും ആലക്കോട് പഞ്ചായത്തും ഇതിനായി ഫണ്ട് നീക്കിവയ്ക്കും.
ഈ സഹായത്താലാണ് കർഷകർ കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്.
പാടശേഖര സമിതി
സജീവമായി പ്രവർത്തിക്കുന്ന അഞ്ചിരി പാടശേഖര സമിതിയാണ് ഇവിടെ കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി ഒപ്പമുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി പാടശേഖര സമിതി പ്രവർത്തിച്ചു വരുന്നുണ്ട്.
തങ്കച്ചൻ മാത്യു കളരിക്കത്തൊട്ടിയിൽ പ്രസിഡന്റും മാത്യു വള്ളോപ്പിള്ളിൽ സെക്രട്ടറിയുമായ ഏഴംഗ ഭരണസമിതിയാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.
പഞ്ചായത്തംഗവും സഹകരണബാങ്ക് പ്രസിഡന്റുമായ ടോമി കാവാലം വൈസ് പ്രസിഡന്റും കെ.ആർ. ശശി ഞാറക്കാട്ടിൽ ട്രഷററും ഏബ്രഹാം മുണ്ടയ്ക്കൽ, ഫിലിപ്പ് ജോർജ് പൂവന്തിക്കുന്നേൽ, എം.ജെ. മാത്യു മുണ്ടയ്ക്കൽ എന്നിവർ കമ്മിറ്റിയംഗങ്ങളുമാണ്. അഞ്ചിരിയിൽ സ്വന്തം കെട്ടിടവും ട്രാക്ടറും സമിതിക്ക് സ്വന്തമായുണ്ട്.
പ്രതിസന്ധികളേറെ
വിത്തിറക്കുന്നതു മുതൽ നെല്ല് വിൽപന നടത്തുന്നതുവരെ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് കൃഷിയിറക്കുന്നതെന്നു കർഷകർ പറയുന്നു. പാടങ്ങളിൽ കൃഷിപ്പണികൾ ചെയ്യാൻ ഇപ്പോൾ തൊഴിലാളികളെ കിട്ടാനില്ലായെന്നതാണ് പ്രധാന പ്രതിസന്ധി.
വിരലിലെണ്ണാവുന്ന കർഷക തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നത്. പ്രതികൂല കാലാവസ്ഥ പലപ്പോഴും കർഷകർക്ക് തിരിച്ചടിയായി മാറാറുണ്ട്. മഴ കൂടുതലായി ലഭിച്ചാൽ കൊയ്ത്തു നടക്കില്ല.
പലപ്പോഴും മഴക്കൂടുതൽമൂലം നെൽക്കതിരുകൾ നശിച്ച് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ കൃഷി വകുപ്പിൽനിന്ന് ഒരു രൂപ പോലും ലഭിക്കാറില്ലെന്നു കർഷകർ വ്യക്തമാക്കി.
വിള ഇൻഷുറൻസ് ചെയ്യാറുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കാൻ കാലങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വിതച്ച് 40 ദിവസത്തുള്ളിൽ ഇൻഷുറൻസ് ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കു.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പണം സമയബന്ധിതമായി ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. മുൻ വർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് പലപ്പോഴും പിന്നീട് ലഭിക്കുന്നത്.
ഇതിനു പുറമെ കൊയ്ത്ത് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾക്കും പണച്ചെലവേറി. പാലക്കാടു നിന്നും എത്തിക്കുന്ന കൊയ്ത്തു യന്ത്രത്തിന് 3000 രൂപയാണ് മണിക്കൂറിന് വാടക.
ഇത്തരത്തിൽ പ്രതിസന്ധികളേറെയാണെങ്കിലും കൃഷി ഉപേക്ഷിക്കാൻ അഞ്ചിരിയിലെ കർഷകർ തയാറല്ല. കാരണം ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ പച്ച വിരിച്ച നെൽപ്പാടങ്ങൾ.
Agriculture
തിരുവാതിര ജന്മക്ഷത്രത്തിൽപ്പെട്ടവരുടെ മരമാണ് കരിമരം. ആയുസു മുഴുവൻ സാവധാനം വളരുന്ന ഒരു വൃക്ഷമാണ് കരിമരം. കരിമരം തൈകളായിരിക്കുമ്പോൾ തണലിൽ വളരുവാൻ ഇഷ്ടപ്പെടുകയും എന്നാൽ, മരം വളരുന്നതനുസരിച്ച് സൂര്യപ്രകാശം ഇഷ്ടപ്പെടുന്നതുമായ ഒരു മരമാണ്.
കരിമരം വിത്ത് മൂലവും മുറിഞ്ഞ വേരിൽ നിന്നും പുനരുൽഭവം നടക്കുന്നു. നല്ല നീർവാർച്ചയുള്ള മണ്ണാണ് വളരുവാൻ നല്ലത്. എഴുപതു സെന്റിമീറ്റർവരെ വ്യാസമുള്ള തടി ലഭിക്കുവാൻ ഇരുനൂറോളം വർഷം വേണ്ടി വരും.
ആഫ്രിക്ക, മലേഷ്യ, മ്യാൻമാർ, ജപ്പാൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലും കേരളത്തിലെ അർധഹരിത വനങ്ങളിൽ അങ്ങിങ്ങു വളരുന്ന സാന്ദ്രമായ തലപ്പോടുകൂടിയ മരമാണ് കരിമരം. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ധാരളമായി കണ്ടുവരുന്നു.
വളരെയേറെ പ്രാധാന്യമുള്ള കരിമരത്തിന്റെ ഇലയ്ക്ക് അഞ്ചു മുതൽ പതിനഞ്ച് സെന്റീമീറ്റർ നീളവും മൂന്നു മുതൽ ആറു സെന്റീമീറ്റർ വീതിയും കാണും. ഇലകളിൽ ധാരാളം കറുത്ത കുത്തുകൾ കാണാറുണ്ട്.
ഏകലിംഗ പുഷ്പങ്ങളാണ്, പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ്. ആണ് പൂക്കൾ കൂട്ടമായി ഉണ്ടാകും. ആണ് പൂക്കളെക്കാൾ പെണ് പൂക്കൾക്ക് വലിപ്പം കൂടുതലാണ്. കായ്കൾക്ക് ഏകദേശം രണ്ടു സെന്റീമീറ്റർ വ്യസമുള്ളതാണ്. മരത്തിന് വ്യക്തമായ പൂക്കാലമില്ല എങ്കിലും ഫെബ്രുവരി മുതലാണ് മരം നല്ലതുപോലെ പൂത്തു കണ്ടുവരുന്നത്.
ഏബണേസി കുടുംബത്തിൽപ്പെട്ട കരിമരത്തിന്റെ ശാസ്ത്രീയനാമം ഡയോസ്പൈറോസ് എബണിയം എന്നാണ്. എബണി, മുസ്തന്പി, കരിന്താളി എന്നീ പേരുകളിലും സംസ്കൃതത്തിൽ കരവീര: വയസി, ഇംഗ്ലീഷിൽ സിലോണ്‍ എബണിട്രീ എന്നും അറിയപ്പെടുന്നു. കരിമരത്തിന്റെ തടി കൂടുതലായും സംഗീതോപകരണങ്ങൾക്കും കൗതുകവസ്തുക്കൾ നിർമ്മിക്കുവാനും ഉപയോഗിച്ചു വരുന്നു.
കരിമരത്തിന്റെ തൊലി കടും ചാരനിറത്തിലും തടിയുടെ പുറംഭാഗം വെള്ള ചേർന്ന ചാരനിറത്തിലും കാതൽ കടും കറുപ്പുനിറവുമാണ്. മറ്റു മരത്തിൽ നിന്നും വ്യത്യസ്ഥമായതിനാലാകാം ഇതിന് കരിമരം എന്ന് പേരു വന്നത്.
കരിമരത്തിന്റെ തൊലി വിവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. ഇലകൾ വയറിളക്കം, നേത്രരോഗങ്ങൾ, തീപ്പൊള്ളൽ, ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയം, ചൊറിചിരങ്ങുകൾ എന്നിങ്ങനെ വിവിധ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചുവരുന്നു. കേരളത്തിൽ മറ്റു മരങ്ങളെയപേക്ഷിച്ച് വളരെക്കുറച്ചു മാത്രം കണ്ടുവരുന്ന ഈ മരത്തെ സംരക്ഷിക്കേണ്ടതുണ്ട്.
വളരെ സാവധാനം വളരുന്ന വൃക്ഷമായതിനാൽ കുറച്ചു സ്ഥലമുള്ളവർക്കും നട്ടുപിടിപ്പിക്കാവുന്നതാണ്. പുതിയ തലമുറകൾക്കും നഗരങ്ങളിൽ വസിക്കുന്നവർക്കും കരിമരം എന്താണെന്ന് അറിയുന്നതിനു വേണ്ടിയും പ്രത്യേകിച്ച് തിരുവാതിര നക്ഷത്രത്തിൽപ്പെട്ടവർ കരിമരം നട്ടുപിടിപ്പിക്കുന്നത് നന്നായിരിക്കും.
സ്ഥല പരിമിതിയുള്ളവർ കുറച്ചു വലുപ്പമുള്ള ചട്ടികളിൽ വളർത്താവുന്നതാണ്. മണ്ണിൽ നടുന്നവർ രണ്ടടി ചതുരത്തിലും അഴത്തിലും കുഴിയെടുത്ത് ആവശ്യത്തിനു ചാണകപ്പൊടിയും മറ്റു ജൈവ വളങ്ങളും ചേർത്ത് നടാവുന്നതാണ്.
മറ്റു കീടാക്രമണങ്ങൾ ഒന്നുംതന്നെ കരിമരത്തെ ബാധിക്കാത്തതിനാൽ തരിശുകിടക്കുന്ന പൊതു സ്ഥലങ്ങളിലും സ്കൂൾ മൈതാനങ്ങളുടെ വശങ്ങളിലും നട്ടുപിടിപ്പിക്കുന്നത് ഈ മരം പ്രചരിപ്പിക്കാനും കണ്ടുപഠിക്കാനും ഉതകും.
Agriculture
കാസർഗോഡ് ജില്ലയുടെ കിഴക്കേയറ്റത്ത് കർണാടക അതിർത്തിമേഖലയിൽ കേരള കൃഷിവകുപ്പിനു കീഴിൽ അര നൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ഫാമാണ് ആദൂർ ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ്. മികച്ചയിനം കശുമാവിൻതൈകൾ ഉല്പാദിപ്പിക്കുകയാണ് ഫാമിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞവർഷം മാത്രം ഒരു കോടിയിലേറെ രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയത്. സർക്കാർ മേഖലയിലുള്ള ഒരു ഫാം ഇത്രയും ഉയർന്ന വരുമാനം നേടുന്നത് അത്യപൂർവമാണ്.
ഈ സാമ്പത്തിക വർഷം മാത്രം വിവിധ ഇനങ്ങളിൽപ്പെട്ട 1.17 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെനിന്നും കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.
ഒരു ലക്ഷത്തോളം തൈകൾ ഇപ്പോൾ വില്പനയ്ക്ക് തയാറായി നിൽക്കുന്നു. കർണാടകയിലെ വിവിധയിടങ്ങളിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാം ഇവിടെനിന്നും കശുമാവിൻതൈകൾ വിതരണം ചെയ്യപ്പെടുന്നുണ്ട്.
വടക്കൻ കേരളത്തിലും കർണാടകയിലും റബർകൃഷി വ്യാപിച്ച കാലത്ത് തീർത്തും കുറഞ്ഞുപോയ കശുമാവ് കൃഷി ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതിന്റെ സൂചനകളാണ് എങ്ങും കാണുന്നതെന്ന് ഫാമിന്റെ ഭരണചുമതല വഹിക്കുന്ന കശുവണ്ടി വികസന ഓഫീസർ മനു നരേന്ദ്രനും ഫാം ഓഫീസർ എൻ. സൂരജും പറയുന്നു.
ഇവിടെനിന്നുള്ള മികച്ചയിനം കശുമാവിൻതൈകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് എത്തിപ്പെടാൻ പോലും പ്രയാസമായ ഈ സ്ഥലത്തേക്ക് മേൽത്തരം കശുമാവിൻ തൈകൾ അന്വേഷിച്ചുമാത്രം എത്തുന്നവർ ഏറെയാണ്.
250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഫാമിൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ധന, ധരശ്രീ, പ്രിയങ്ക എന്നിവയും കർണാടകയിൽ നിന്നുള്ള ഭാസ്കരയുമടക്കം അത്യുല്പാദന ശേഷിയുള്ള ഇനങ്ങളും ഇവയുടെ മാതൃ സസ്യങ്ങളും സംരക്ഷിച്ചുവരുന്നുണ്ട്.
കശുമാവിന് പുറമേ ഒട്ടുമാവിൻ തൈകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, ഒട്ടുപ്ലാവ്, വിയറ്റ്നാം ഏർലി പ്ലാവ്, പേര, കുരുമുളക്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയും ശാസ്ത്രീയവും ജൈവവുമായ രീതിയിൽ ഇവിടെ വളർത്തിയെടുക്കുന്നുണ്ട്.
ഫാമിനും നഴ്സറിക്കും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ ഡെവലപ്മെന്റിന്റെ അക്രഡിറ്റേഷൻ ലഭിച്ചത് അടുത്തിടെയാണ്.
കേരളത്തിൽ ആദ്യമായാണ് സർക്കാർ-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന് ഈ അംഗീകാരം ലഭിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം നേരത്തേ സൂരജിനെ തേടിയെത്തിയിരുന്നു.
ഇവിടെനിന്ന് അധികം അകലെയല്ലാതെ കർണാടകയിലെ പുത്തൂരിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിനു കീഴിൽ ഒരു കശുമാവ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
അവിടെ പുതുതായി വികസിപ്പിച്ചെടുത്ത മികച്ച ഉല്പാദനശേഷിയും വലിപ്പവും മറ്റു ഗുണങ്ങളുമുള്ള നേത്ര ജംബോ, നേത്രഗംഗ, ഉദയ തുടങ്ങിയ സവിശേഷ ഇനങ്ങളുടെ തൈകൾ ആദൂരിൽ ഉല്പാദിപ്പിക്കുന്നുണ്ട്.
മാടക്കത്തറ, പൂർണിമ, അക്ഷയ, നിഹാര തുടങ്ങി കേരളത്തിൽ നിന്നുതന്നെയുള്ള സങ്കരയിനങ്ങളും ഇവിടെ പിറവികൊള്ളുന്നു. ഇവയിലേറെയും ചുരുങ്ങിയ കാലംകൊണ്ട് വിളവെടുക്കാൻ പ്രാപ്തമായവയാണ്.
സങ്കരയിനം തൈകൾ ബഡ് ചെയ്ത് തയാറാക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിനായി വിശാലമായ പോളി ഹൗസുകൾ ഇവിടെയുണ്ട്. രാസകീടനാശിനികൾ പൂർണമായും രാസവളങ്ങൾ പരമാവധിയും ഒഴിവാക്കി ജൈവമാർഗങ്ങൾ മാത്രം സ്വീകരിച്ചാണ് ഇവിടെ കശുമാവിൻതൈകൾ വളർത്തിയെടുക്കുന്നത്.
സമ്മിശ്ര കൃഷിയുടെ വർത്തമാനകാലത്തും ഭാവിയിലും നമ്മുടെ കൃഷിയിടങ്ങളിൽ കശുമാവിനും നല്ലൊരു സ്ഥാനമുണ്ടെന്ന കാര്യത്തിന് അടിവരയിടുകയാണ് ആദൂർ ഫാമിന്റെ പ്രവർത്തനനേട്ടങ്ങൾ.
Agriculture
എംഎസ്ഡബ്ല്യു റാങ്കോടെ പാസായ മരിയയോടും മരീനയോടും ഇനി എന്താണു ഭാവി പരിപാടിയെന്ന് ചോദിച്ചവരോട് അവർ പറഞ്ഞു ഞങ്ങൾ കൃഷിയിലേക്കു തിരിയുകയാണെന്ന്. ഇതു കേട്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. എന്തിനാണ് കൃഷിയിലേക്ക് എന്നു ചോദിച്ചവരുണ്ട്.
പക്ഷേ, ഇതൊക്കെ മുന്നോട്ടുള്ള കുതിപ്പിനുള്ള ഊർജമാണെന്ന് അവർ മനസിലാക്കി. ഇന്ന് അഞ്ചേക്കറോളം വരുന്ന സ്വന്തം പുരയിടത്തിൽ കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളും ഇരട്ട സഹോദരിമാരുമായ മരിയയും മരീനയും.
കൃഷി ചെയ്താൽപ്പോരാ മാർക്കറ്റിംഗും നല്ല രീതിയിൽ ചെയ്താൽ മാത്രമേ മികച്ചനേട്ടം കൊയ്യാൻ കഴിയൂ. അതിനു വ്യത്യസ്തമായ ഒരു രീതി ഈ മിടുക്കികൾ കണ്ടെത്തി. "തനി ഇടുക്കിക്കാരി’ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത് അങ്ങനെയാണ്.
തുടർന്ന് സ്വന്തം ഉത്പന്നങ്ങളായ ഏലവും കുരുമുളകും ഗ്രാന്പൂവും സ്വന്തം ബ്രാൻഡിൽ ഇറക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി ഇൻസ്റ്റഗ്രാം പേജിനൊപ്പം ഹെവൻലി സ്പൈസസ് എന്ന വെബ്സൈറ്റും ആരംഭിച്ചു.
കളിച്ചു നടക്കുന്ന പ്രായത്തിൽ കൃഷിയിടത്തിലിറങ്ങി
കൃഷി ഞങ്ങളുടെ കുടുംബകാര്യമാണ്. അത് ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് ഇവർ പറയുന്നു. ചെറു പ്രായത്തിൽ മാതാപിതാക്കളുടെ കൈയുംപിടിച്ച് പറമ്പിൽ ഇറങ്ങിയ ഇവർക്ക് കൃഷിയുടെ എ ടു സെഡ് കാര്യം കാണാപ്പാഠമാണ്.
ഏലത്തിനു പുറമെ കുരുമുളക്, ഗ്രാന്പൂ, പുളി, കൊക്കോ, പച്ചക്കറികൾ, തേൻ കൃഷി തുടങ്ങിയവയും ഇവർക്കുണ്ട്. ഏലത്തിനു ചിന്പുപൊട്ടുന്നതു മുതൽ വിളവെടുക്കുന്നതുവരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇവർക്കറിയാം. ഏലയ്ക്കാ വിളവെടുത്തു കഴിഞ്ഞാൽ അത് സ്റ്റോറിൽ എത്തിക്കുന്നതും വിൽപന നടത്തുന്നതും ഇവർ തന്നെയാണ്.
ഇൻസ്റ്റഗ്രാം പേജിലൂടെയും ഹെവൻലി സ്പൈസസ് എന്ന വെബ് സൈറ്റിലൂടെയും ഉത്പന്നങ്ങളെക്കുറിച്ച് അറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ബന്ധപ്പെടാറുണ്ട്. ദൂരെയുള്ള ആളുകൾക്ക് കൊറിയർ വഴി ഉത്പന്നങ്ങൾ എത്തിച്ചു നൽകും.
ഇതു കൂടാതെ എക്സ്പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമങ്ങളും ഇവർ ആരംഭിച്ചു. ഫാം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ചും പഠനം ആരംഭിച്ചു.
ഫാം ടൂറിസത്തിന് അനന്തസാധ്യത
ഫാം ടൂറിസത്തിന് അനന്തസാധ്യതയുണ്ട്. ഇതു പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണ് ഇവർ. ഇൻസ്റ്റഗ്രാം പേജ് കണ്ട് നിരവധിപേർ കൃഷി സ്ഥലം കാണാൻ സാധിക്കുമോയെന്നു ചോദിച്ച് വിളിക്കാറുണ്ട്.
ഇത് പ്രയോജനപ്പെടുത്താനാണ് ഇവരുടെ തീരുമാനം. അവധിക്കാലത്ത് കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരിൽ കൂടുതലും. ഇത്തരം ആളുകളെ ആകർഷിക്കാനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണിവർ.
ബ്രാൻഡായി തനി ഇടുക്കിക്കാരി
തനി ഇടുക്കികാരി എന്ന ബ്രാൻഡിലാണ് ഏലക്കയും കാപ്പിപ്പൊടിയും കുരുമുളകും തേനും ഗ്രാന്പൂവും ഒക്കെ വിപണിയിലെത്തിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയെ നേരിൽകണ്ട് ബ്രാൻഡ് പരിചയപ്പെടുത്താനും ഇവർക്ക് കഴിഞ്ഞു.
ഉത്പന്നങ്ങൾ വാങ്ങിയവരിൽനിന്നു ലഭിച്ച പ്രതികരണങ്ങളും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായെന്നും ഇവർ പറയുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൃഷി ആരംഭിക്കാം എന്നുവിചാരിച്ചാൽ വിജയിക്കണമെന്നില്ല. കൃഷി പരീക്ഷണമാണ്.
ആദ്യം ചെറിയരീതിയിൽ ചെയ്ത് ആത്മവിശ്വാസം നേടിയതിനുശേഷം മാത്രമേ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാവൂ.
തോട്ടത്തിൽനിന്ന് അധിക വരുമാനം
ഏലത്തോട്ടങ്ങളിൽനിന്ന് കർഷകന് അധിക വരുമാനം നേടാൻ കഴിക്കുമെന്ന് മരീനയും മരിയയും പറയുന്നു. ഏലത്തിന് തണൽ ആവശ്യമുള്ളതിനാൽ തോട്ടങ്ങളിൽ കർഷകർ മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട്.
ഈ മരങ്ങളിൽ കുരുമുളക് കയറ്റിയാൽ മികച്ച വിളവു ലഭിക്കും. ഇതിലൂടെ അധിക വരുമാനം നേടാം. തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്.
പരാഗണം എളുപ്പമാക്കാൻ തേനീച്ചകൾ സഹായിക്കും. ഇതിനു പുറമെ തേൻ വിൽപ്പനയിലൂടെ അധിക വരുമാനം നേടാനും കഴിയും.
ഫോണ്‍: 8137050948
Agriculture
കേന്ദ്ര വാണിജ്യ വ്യാവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡിന് ഏലം, പേരേലം എന്നിവയുടെ കൃഷികാര്യങ്ങളിൽ മാത്രമേ നേരിട്ട് ഇടപെടാനാകൂ. 53 ഇനം സുഗന്ധവ്യജ്ഞനങ്ങൾ സ്പൈസസ് ബോർഡിന്റെ പരിധിയിൽ ഉണ്ടെങ്കിലും ഇവയുടെ കയറ്റുമതി പ്രോത്സാഹനപദ്ധതികളിലേ ബോർഡിനു പങ്കുള്ളൂ.
കൃഷി കാര്യങ്ങൾ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ ഭാഗമാണ്. ഇതു മനസിലാക്കാതെ വിലയിടിവ് വരുന്പോൾ കർഷകർ ബോർഡിനെയാണ് കുറ്റപ്പെടുത്തുക. വിലയിടിവ് ഒരു ചാക്രിക പ്രവർത്തനമാണ്. ഒരു രൂപയ്ക്കു വാങ്ങിയ തേങ്ങ ഇന്ന് 81 രൂപ നൽകിയാണ് വാങ്ങുന്നത്.
പത്തുഗ്രാമിന് അഞ്ച് രൂപയ്ക്കു വാങ്ങിയ ഏലക്കായ്ക്ക് 36 രൂപ മാർക്കറ്റ് വിലയുണ്ട്. ഉത്പാദന വർധനവിനനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന സാന്പത്തിക ശാസ്ത്രമാണിതിനു പിന്നിൽ. കാർഷിക കുടുംബാംഗമെന്ന നിലയിൽ കർഷകക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന് ഇഷ്ടമാണ്. കൂർക്കഞ്ചേരി കോൾപ്പടവ് പാടശേഖരസമിതി സെക്രട്ടറിയുമാണ്.
ഏലക്കൃഷി പ്രധാനമായും ഇന്ത്യയിൽ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്, പേരേലക്കൃഷി വടക്കേ ഇന്ത്യയിലും. സുസ്ഥിര കൃഷിയിലൂടെയും വിഷരഹിത കൃഷി സമ്പ്രദായങ്ങളിലൂടെയും ഏലം ഉദ്പാദിപ്പിച്ചെങ്കിലേ ആഗോള വിപണി കൈപ്പിടിയിലാക്കുവാൻ കഴിയൂ. ഇതിനായി ചെറുകിട ഏലം കർഷകർ സംഘടിച്ച് കാർഷികോത്പാദന സംഘങ്ങൾ (എഫ്പിഒ) ഉണ്ടാക്കി മുന്നോട്ടുവരേണ്ടതുണ്ട്.
ജൈവകാർഷിക രീതികളിൽ ഉത്പാദിപ്പിച്ച ഏലത്തിനാണ് ആഗോളവിപണിയിൽ സമീപഭാവിയിൽ ഡിമാൻഡ് ഏറുക. നിലവിലെ കൃഷി രീതികളിൽനിന്ന് സാക്ഷ്യപത്രമുള്ള ജൈവ ഏലത്തോട്ടമായി മാറണമെങ്കിൽ അഞ്ചു വർഷമെങ്കിലും തുടർ പരിശോധനകൾക്കു വിധേയമാകേണ്ടിയിരിക്കുന്നു. ഇതിനാണ് ബോർഡ് മുൻഗണന നൽകുക.
ഏലം 2024-25ൽ 70,410 ഹെക്ടറിൽ നിന്ന് 20,696 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുകയും 6,728 മെട്രിക് ടണ്‍ കയറ്റുമതി ചെയ്ത് ഇന്ത്യയ്ക്ക് 1,56,682 ലക്ഷം രൂപ നേടിക്കൊടുക്കയും ചെയ്തു. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദന വർധനവില്ലെങ്കിലും വിലയിടിവ് ഒരുപരിധിവരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്കായി വിപണിയും കംപ്ലയൻസ് ഹബ്ബുകളും സ്ഥാപിക്കണമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുവാൻ ഉത്പാദനകേന്ദ്രങ്ങളിൽ അക്രഡിറ്റഡ് ലാബ് സൗകര്യം ഏർപ്പെടുത്തുവാനായി ബോർഡ് നടപടികൾ കൈക്കൊള്ളും. ചൈനയാണ് നമ്മുടെ പ്രധാന ഇറക്കുമതിക്കാർ.
രണ്ടാംസ്ഥാനമേ അമേരിക്കയ്ക്കുള്ളൂ. പിന്നീട് മധ്യപൂർവേഷ്യൻ രാജ്യങ്ങളാണ്. 58 രാജ്യങ്ങളിലേക്ക് സുസ്ഥിരമായി ഇന്ത്യൻ സുഗന്ധവ്യജ്ഞനങ്ങൾ കയറ്റുമതി ചെയ്യുന്നു. വിദേശ വിപണികളിലേക്ക് ഇടിച്ച് കയറിയെങ്കിലേ കയറ്റുമതിയിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാനാകൂ.
അഡ്വ. സംഗീതാ വിശ്വനാഥൻ
ചെയർപേഴ്സണ്‍, സ്പൈസസ് ബോർഡ്
Agriculture
പാചക ആവശ്യത്തിനുള്ള വെളുത്തുള്ളി ഒരുക്കി കൊടുക്കുന്ന യുവ സംരംഭകനു നൂറുമേനി വിളവ്. സ്വന്തം ആവശ്യത്തിന് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭം മറ്റുള്ളവർക്ക് മാതൃകയായി ഇപ്പോൾ ചെറുകിട വ്യവസായത്തിന്റെ അനന്ത സാധ്യതകളിലേക്കു വഴിതുറന്നു.
സുൽത്താൻ ബത്തേരി ഓലപ്പുരക്കൽ സജിയാണ് പാചകാവശ്യത്തിന് വെളുത്തുള്ളി ഒരുക്കി കൊടുക്കുന്ന വേറിട്ട യന്ത്രവുമായി നേട്ടങ്ങൾ കൊയ്യുന്നത്. മണിക്കൂറിൽ 100 കിലോ വെളുത്തുള്ളി വരെ സജിയുടെ യന്ത്രത്തിൽ തൊലികളഞ്ഞ് പാചകത്തിന് അനുയോജ്യമായ രീതിയിലാക്കും.
അച്ചാർ നിർമാണ യൂണിറ്റുകൾ, കാറ്ററിംഗ് സർവീസുകൾ, പലഹാര നിർമാണ യൂണിറ്റുകൾ തുടങ്ങിയവയാണ് പ്രധാന ഉപഭോക്താക്കൾ. ദിവസം നൂറ് കിലോ വെളുത്തുള്ളി വരെ വിറ്റു പോകുന്നതായി സജി പറഞ്ഞു. ന്ധസമയ ലാഭമാണ് പ്രധാന മെച്ചം.
മനുഷ്യാധ്വാനത്തിന്റെ മിനക്കേട് ഉണ്ടാകുന്നുമില്ല. ദിവസം വെളുത്തുള്ളിക്ക് ഇവിടെ ആവശ്യക്കാരുണ്ട്’. എന്നും വേറിട്ട രീതിയിലുള്ള കച്ചവടത്തെ കുറിച്ചാണ് സജി ചിന്തിച്ചിരുന്നത്. അങ്ങനെ ഏതാനും വർഷം മുന്‍പ് ന്ധപിടിയും കോഴിക്കറിയും’ എന്ന സംരംഭം തുടങ്ങി.
ഇതിലേക്ക് വെളുത്തുള്ളി കൂടുതലായി ആവശ്യമായി വന്നു. വെളുത്തുള്ളി വൃത്തിയായി ഒരുക്കിയെടുക്കാനുള്ള മിനക്കേടിനെ കുറിച്ച് ബോധ്യമുണ്ടാവുന്നത് അങ്ങനെയാണ്. വെളുത്തുള്ളി പെട്ടെന്ന് ഒരുക്കിയെടുക്കാനുള്ള ടെക്നോളജി എന്തെങ്കിലുമുണ്ടോ എന്ന ചിന്തയായി പിന്നീട്.
ഗുജറാത്തിൽ മെഷീൻ ഉണ്ടെന്നറിഞ്ഞതോടെ അവിടെ പോയി. വില അല്പം കൂടുതലാണെങ്കിലും മെഷീൻ വാങ്ങി. വെളുത്തുള്ളിയുടെ മാർക്കറ്റ് വില കുത്തനെ കൂടുന്നത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.
ആറുമാസം മുന്‍പ് വെളുത്തുള്ളിയുടെ വില 300 രൂപയ്ക്കും മുകളിലെത്തിയപ്പോൾ ഏതാനും ദിവസങ്ങൾ സംരംഭം താൽക്കാലികമായി അടച്ചിടേണ്ടി വന്നു. രാജസ്ഥാനിൽ പോയി നേരിട്ട് വെളുത്തുള്ളി എടുക്കുന്ന രീതിയാണ് സജിക്കുള്ളത്. നല്ല ഗുണമേന്മയുള്ള വെളുത്തുള്ളി അവിടെ കിട്ടും.
വിലയും താരതമ്യേന കുറവായിരിക്കും. വെളുത്തുള്ളി യന്ത്രത്തിലിട്ട് തൊലി കളയുന്പോൾ 30 ശതമാനത്തോളമാണ് തൂക്കത്തിൽ കുറവ് വരുന്നത്. അതനുസരിച്ച് വില അല്പം കൂട്ടിയെ ആവശ്യക്കാർക്ക് കൊടുക്കാനാവു.
തൊണ്ട് കളഞ്ഞ വെളുത്തുള്ളി 250 ഗ്രാം, അര കിലോ എന്നിങ്ങനെ ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്നുണ്ട്. ഇതിനും പുറമെ വെളുത്തുള്ളി ഹോൾസെയിൽ ആയി റീട്ടെയിൽ ആയി വിൽപന നടത്തുന്നുണ്ട്. ഇതിനും വയനാടൻ വിപണിയിൽ ഡിമാന്റ് ഏറെയുള്ളതായി സജി പറയുന്നു.
വെളുത്തുള്ളി സംരംഭത്തിൽ ഭാര്യ സജി പോളും മക്കളായ ജിഷ, ജോസ്ന, സാം, ജാനറ്റ് എന്നിവരും സജിക്കു പിന്തുണ നൽകുന്നു.
Agriculture
ഇഞ്ചിക്കും കുരുമുളകിനും റബറിനുമൊപ്പം കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മലയോര കർഷകർ കരുതലോടെ പരിപാലിപ്പിക്കുന്ന തലനാട് ഗ്രാമ്പുവിന് ഭൈമസൂചികാ പദവി സ്വന്തമായി.
സമുദ്രനിരപ്പിന് മൂവായിരം അടി ഉയരത്തിലുള്ള കുന്നിൻചെരുവിലെ വളക്കൂറുള്ള മണ്ണിൽ പന്തലിച്ച വളരുന്ന തനതു ഗ്രാന്പുവിന് ലഭിച്ച ബഹുമതിയിൽ അഭിമാനിക്കുകയാണ് മലയോര കർഷകർ.
തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം, മൂന്നിലവ് പഞ്ചായത്തുകളിലെ നാനൂറോളം കർഷകരാണ് ഈ വിശേഷാൽ ഇനം കൃഷി ചെയ്യുന്നത്. ഒരു ഗ്രാമ്പു മരം മുറ്റത്തോ പറമ്പിലോ ഇല്ലാത്ത വീടുകൾ വിരളം. ഒരു മരം മുതൽ അഞ്ച് ഏക്കറിൽ വരെ കൃഷിയുള്ള കർഷകരുണ്ട്.
അനുകൂല കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ് തലനാടൻ ഗ്രാമ്പുവിനെ വ്യത്യസ്തമാക്കുന്നത്. സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവയിൽ തലനാടൻ ഗ്രാമ്പുമൊട്ട് ഏറെ മുന്നിലാണ്. മേയ് മാസത്തിൽ മൊട്ടിട്ടാൽ ആറേഴു മാസംകൊണ്ടു പാകമായിനവംബർ പകുതി മുതൽ ഫെബ്രുവരി വരെയാണ് വിളവെടുപ്പ്.
കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാട് ക്ലോവ് ഗ്രോവേഴ്സ് സൊസൈറ്റി എന്നിവയുടെ ശ്രമഫലമായാണ് സവിശേഷ വിളകൾക്കുള്ള ദേശീയ പദവി തലനാട് ഗ്രാന്പുവിന് ലഭിച്ചത്.
സുഗന്ധവിളകളിൽ പെരുമയും മസാലക്കൂട്ടുകളിൽ അവശ്യ ഇനവുമായ കരയാന്പൂ ഒന്നേ കാൽ നൂറ്റാണ്ട് മുൻപ് അതിഥിയായി മലയോര കുടിയേറ്റ ഗ്രാമങ്ങളിൽ എത്തിയതാണ്. 40 വർഷമായി ഈ ഇനം വാണിജ്യ ആവശ്യത്തിനായി കൃഷിയിടങ്ങളിൽ വളർത്തിവരുന്നു.
കാലാവസ്ഥ അനുകൂലമായതിനാൽ ഇവിടെ നന്നായി വിളവ് തരും. കീടബാധയും കേടും തീരെയില്ലതാനും. തലനാടൻ ക്ലോവ് ഗ്രോവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം എന്നിവ ഏകോപിപ്പിക്കുന്നത്.
വിളവെടുക്കുന്ന ഗ്രാന്പു മൊട്ടിന്റെ ആകർഷക നിറവും ഗുണത്തിലെയും വലിപ്പത്തിലെയും സവിശേഷതയുമാണ് തലനാടൻ ഗ്രാമ്പുവിനെ വ്യത്യസ്തമാക്കുന്നത്. ഗ്രാമ്പുവിന്റെ വിപണി വില നിർണയിക്കുന്നതിലെ ഓയിൽ ഘടകങ്ങളായ യൂജിനോൾ, കാരിയോഫിലിൽ എന്നിവയുടെ അളവ് മറ്റു പ്രദേശങ്ങളിലെ ഗ്രാമ്പുവിനെക്കാൾ ഉയർന്ന തോതിലാണ്.
ഭൗമസൂചിക പദവി ലഭിച്ചതോടെ തലനാടൻ ഗ്രാമ്പു എന്ന ബ്രാൻഡിൽ ഉണക്ക ഗ്രാന്പു വിപണിയിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചതായി തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.എസ്. ബാബു പറഞ്ഞു.
രാജ്യാന്തര വിപണിയിൽ തലനാടൻ ഗ്രാമ്പുവിന് ഉയർന്ന വിലയും ഗുണമേന്മ ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങക്കുള്ള ശ്രമം ആരംഭിച്ചു. മൂല്യവർധനവിനുള്ള സാധ്യതയും ആരായുന്നു.
ഗ്രാമ്പുവിന് വലിയ വിപണസാധ്യതയുള്ളതിനാൽ കൃഷി കൂടുതൽ പ്രദേശത്തുകൂടി തുടങ്ങാനുള്ള തീരുമാനത്തിലാണ് കർഷകർ. പച്ചനിറം മാറി ഇളംപിങ്കു നിറമാകുന്ന പരുവത്തിലുള്ള മൊട്ടുകളാണ് മരത്തിൽ ഗ്രാന്പു കയറി പറിച്ചെടുക്കുക.
മൊട്ടുകൾ വിരിഞ്ഞുപോയാൽ വിലകുറയും. ഗ്രാന്പു മൊട്ടുകൾ കൈകൊണ്ടു ഞെട്ട് വേർപെടുത്തിയശേഷം മൂന്നു ദിവസം വെയിൽ കൊള്ളിച്ച് ഉണക്കും. നന്നായി ഉണങ്ങുന്പോൾ തവിട്ടു നിറമാകും.
വളർച്ചയെത്തിയ മരത്തിൽനിന്ന് 25 കിലോ ഉണങ്ങിയ മൊട്ടുകൾ ലഭിക്കും. ഗ്രാമ്പു മരത്തിന് നൂറ് ആയുസാണ്. ഈ പ്രദേശത്ത് ഒരു നൂറ്റാണ്ട് പഴക്കമുള്ള മരങ്ങൾ പലതുണ്ട്. തലനാട് ഗ്രാമപഞ്ചായത്തിൽ മാത്രം 110 ഏക്കറിൽ ഗ്രാമ്പു കൃഷിയുണ്ട്. ഗ്രാമ്പു വിത്ത് പാകിയാണ് തൈ മുളപ്പിക്കുന്നത്.
രണ്ട ടി ആഴത്തിൽ സമചതുരം കുഴിയിൽ ജൈവവളം നിറച്ച് ഒരു വർഷം തടത്തിൽ പാകി വളർത്തിയ തൈ നടും. നന്നായി പ്രകാശം കിട്ടുന്ന സ്ഥലത്ത് 20 അടി അകലത്തിലാണ് കൃഷി.
മരങ്ങൾ കൂട്ടിമുട്ടാൻ പാടില്ല. വേനലിനെ പ്രതിരോധിക്കുന്ന സസ്യമായതിനാൽ ആദ്യ രണ്ടു വർഷം മാത്രം വേനൽക്കാലത്ത് അൽപം നന കൊടുത്താൽ മതിയാകും. വർഷത്തിലൊരിക്കൽ ബോർഡോ മിശ്രിതം തളിക്കണം.
ചുവട്ടിൽ ആണ്ടിലൊരിക്കൽ ചാണകപ്പൊടി ചുറ്റും കൊടുത്താൽ വളം ധാരാളമായി. തൈ നട്ടാൽ നാലാം വർഷം പൂഷ്പിച്ചുതുടങ്ങും. ഒൻപതാം വർഷത്തോടെയാണ് ഏറ്റവും ഫലം ലഭിക്കുക. ഭദ്രമായി അടച്ചു സൂക്ഷിച്ചാൽ ഉണങ്ങിയ ഗ്രാന്പു മൂന്നു വർഷം വരെ കേടാകില്ല.
നന്നായി വളർന്ന മരത്തിൽ നിന്നും 20 കിലോ വരെ ഉണക്ക ഗ്രാന്പു വിൽക്കാൻ കിട്ടും.മറ്റിടങ്ങളിലെ ഗ്രാമ്പുവിനെക്കാൾ തലനാട് ഗ്രാന്പുവിന് 200 രൂപയോളം അധികം വില ലഭിക്കുന്നുണ്ടെന്ന് പി.എസ്. ബാബു സാബു പറഞ്ഞു.
ഇല്ലിക്കൽ കല്ലും വാഗമണും ഉൾപ്പെടുന്ന ഈ ടൂറിസംമേഖലയിലെ ഗ്രാമ്പു കൃഷി ഫാം ടൂറിസത്തിന്റെ ഭാഗമായി വികസിപ്പിക്കാനും കർഷകർ ആലോചിക്കുന്നു.
രാജ്യത്ത് ഗ്രാന്പു ഉപഭോഗം കൂടുതലാണെങ്കിലും ആവശ്യം നിറവേറ്റാൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. 1,500 ടണ്ണാണ് രാജ്യത്തെ ഗ്രാമ്പു ഉത്പാദനം. 28,000 ടണ്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിൽനിന്നാണ് 75 ശതമാനവും ഇറക്കുമതി.
ടാൻസാനിയ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. സൗന്ദര്യവർധക വസ്തുക്കൾ, കറിമസാലകൾ, മരുന്നുകൾ, പേസ്റ്റ്, സിഗരറ്റ് എന്നിവ നിർമിക്കാൻ ഗ്രാമ്പു ആവശ്യമാണ്. കൂടാതെ ഗ്രാന്പു ഓയിലിനും ആവശ്യക്കാരുണ്ട്.
100 മില്ലിക്ക് 1,000 രൂപയ്ക്കു മുകളിലുണ്ട് വില. കേരളത്തിൽ കോട്ടയം, കൊല്ലം, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഗ്രാന്പുകൃഷി കൂടുതലുള്ളത്. നിലവിൽ ആയിരം രൂപയാണ് തലനാടൻ ഗ്രാന്പുവിന്റെ വില.
Agriculture
റിട്ടയർമെന്റിനുശേഷം വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കാതെ ഒരു സംരംഭം എങ്ങനെ വിജയിപ്പിക്കാമെന്ന് കണ്ണൂർ കൊഴുമ്മൽ സ്വദേശി കുമാരനോട് ചോദിച്ചാൽ മതി. ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ എന്തു സംരംഭവും വിജയിപ്പിക്കാമെന്ന് ഇദ്ദേഹം പറയും.
ഇരുപത്തിയഞ്ച് വർഷത്തെ ഡ്രൈവർ ജോലിയിൽനിന്ന് വിരമിച്ചശേഷം രണ്ടു പശുക്കളുമായി കുമാരൻ തുടങ്ങിയ ഫാം ഇന്നു വളർച്ചയുടെ പാതയിലാണ്. പുല്ലോ വൈക്കോലോ നൽകാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭക്ഷണമാണ് കുമാരൻ പശുക്കൾക്ക് നൽകുന്നത്.
അന്യസംസ്ഥാനത്തുനിന്ന് ഇറക്കുമതി ചെയ്ത ചോളം സൈലേജ് ആക്കി മാറ്റുകയാണു ചെയ്യുന്നത്. എച്ച്പി, ജേഴ്സി ഇനത്തിൽപെട്ട പതിനൊന്ന് പശുക്കളാണ് നിലവിൽ ഫാമിൽ ഉള്ളത്. ഇതിൽ രണ്ടെണ്ണം പ്രസവിക്കാറായതാണ്.
തീറ്റ ഒരുക്കൽ
പശുക്കൾക്ക് ഒരു മാസത്തെ തീറ്റ ഉണ്ടാക്കാനായി കർണാടകത്തിൽനിന്ന് മൂന്നു ടണ്‍ പച്ചച്ചോളമാണ് ഇറക്കുമതി ചെയ്യുന്നത്. മെഷീന്റെ സഹായത്തോടെ ചോളം ചെറിയ കഷണങ്ങളായി മുറിക്കും. അരിഞ്ഞെടുത്ത ചോളം വലിയ ഡ്രമ്മുകളിൽ ശർക്കയും ഉപ്പും ചേർത്ത് പുട്ടുണ്ടാക്കുന്നവിധം കുഴയ്ക്കും.
ഇതിനുശേഷം, ഡ്രമ്മുകളുടെ വായ് ഭാഗം തുണികൊണ്ട് അടയ്ക്കും. ഈച്ചയോ, കീടങ്ങളോ തീറ്റ നശിപ്പിക്കാതിരിക്കാനാണ് തുണികൊണ്ട് അടയ്ക്കുന്നത്. ഇപ്രകാരം തയാറാക്കുന്ന മിശ്രിതത്തോടൊപ്പം (സൈലേജ്) ചെറിയ അളവ് കാലിത്തീറ്റയും പിണ്ണാക്കും ചേർത്താണ് പശുക്കൾക്ക് മൂന്നു നേരവും ഭക്ഷണമായി നൽകുന്നത്.
അഞ്ചു വയസിനു മുകളിൽ പ്രായമുള്ള പശുക്കളാണ് തൊഴുത്തിൽ ഉള്ളത്. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കും. രാവിലെ നാലുമണിക്ക് ഉണർന്ന് തൊഴുത്തു വൃത്തിയാക്കും. അതിനുശേഷം പശുക്കളെ കുളിപ്പിക്കും.
ഇതിനു ശേഷമാണ് കറവ. മെഷീൻ ഉപയോഗിച്ചാണ് കറവ നടത്തുന്നത്. ഒരേ സമയം രണ്ടു പശുക്കളെ കറക്കാൻ സാധിക്കും. 150 ലിറ്ററോളം പാലാണ് ലഭിക്കുന്നത്. സൊസൈറ്റിയിലും വീടുകളിലുമാണ് പാൽ നൽകുന്നത്.
തൊഴുത്തിൽ പാട്ടും ഫാനും
പശുക്കൾക്ക് വെള്ളം എപ്പോഴും കുടിക്കാൻ സാധിക്കുന്ന രീതിയിലുള്ള സംവിധാനം തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്. കൊതുക്, ഈച്ച എന്നിവയെ അകറ്റുന്നതിനായി ഇരുപത്തിനാലു മണിക്കൂറും ഫാൻ പ്രവർത്തിക്കുന്നു. പശുക്കളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി സംഗീതവും തൊഴുത്തിൽനിന്ന് ഒഴുകുന്നുണ്ട്.
മാസം മൂന്നു ലോഡ് ചാണകം വില്പന നടത്തുന്നുണ്ട്. തൊഴുത്തിൽ പശുക്കളെ കുളിപ്പിച്ച വെള്ളവും മൂത്രവും സംഭരിച്ച് മോട്ടോർ പന്പിന്റെ സഹായത്താൽ പറന്പിലെ കൃഷിക്ക് ഒഴിക്കുന്നു. ഇതുമൂലം വാഴ, തെങ്ങ്, പച്ചക്കറി കൃഷികൾക്കു നൂറുമേനിയാണ് വിളവ്.
ചോളം മാത്രം ആഹാരമായി നൽകുന്നതിനാൽ പശുക്കൾക്ക് ആരോഗ്യപ്രശ്നവുമില്ല. ഭാര്യ ശാന്തയും മകൻ സനീഷും മകൾ സരിതയും കുമാരന് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.
കുമാരൻ: 8943373914
Agriculture
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്)യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പ്രഥമ പുരസ്കാര ജേതാവ്, ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവൻ റാം അഭിനവ് കിസാൻ പുരസ്കാര ജേതാവ്, അക്വാകൾച്ചർ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്കോസ്) ചെയർമാൻ, കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ത്രൈമാസികയായ ജല കർഷകൻ എഡിറ്റർ എന്നീ നിലകളിലും ചെന്നൈയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഓരു ജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാർഷിക രീതികൾക്ക് നേതൃത്വവും നൽകിവരുന്ന മത്സ്യക്കർഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമനുമായി നടത്തിയ അഭിമുഖം.
മൂന്നുപതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പുരുഷോത്തമൻ ശാസ്ത്രീയ അടിത്തറയുടെയും മൂന്നുപതിറ്റാണ്ടിലേറെയുള്ള തന്റെ അനുഭവസന്പത്തുംകൊണ്ട് വിജയങ്ങൾ കീഴടക്കിയുള്ള ജൈത്രയാത്രയിലാണ്.
ചെമ്മീൻകൃഷിയും മത്സ്യക്കൃഷിയും കല്ലുമ്മക്കായ് കൃഷിയും നടത്തുന്നതിനു പുറമേ മത്സ്യവിത്തുൽപ്പാദനവും അലങ്കാര മത്സ്യക്കൃഷിയും ഇദ്ദേഹം നടത്തുന്നു.
അഞ്ചര ഹെക്ടർ ചെമ്മീൻപാടത്ത് കൃഷിയിറക്കിയ ഇദ്ദേഹം തന്റെ കൃഷിയിടം പത്ത് ഹെക്ടറായി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലാണിപ്പോൾ.
ശാസ്ത്രീയരീതി വിജയത്തിനാധാരം
തികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയാണ് അക്വാകൾച്ചർ. ഇത് തെറ്റിക്കുകയോ കൃഷി രീതിയിൽ വെള്ളം ചേർക്കുകയോ ചെയ്താൽ കൈപൊള്ളും. കൃത്യമായ രീതിയിൽ കൃഷി ചെയ്താൽ കൃഷി ലാഭകരമാക്കാം.
വിത്തിറക്കുന്നതുമുതൽ മാർക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവർക്ക് പരാജയമുണ്ടായിട്ടില്ല. ചിലർ പരാജയപ്പെട്ടുവെന്ന് പറയുന്നതിന്റെ കാരണം അശാസ്ത്രീയത കൊണ്ടാവാം. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസൂത്രണമുണ്ടാവുക, ആവശ്യത്തിനു മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്.
ആവശ്യത്തിൽ കൂടുതൽ തീറ്റ കൊടുത്താൽ പണം നഷ്ടമാകുന്നതിന് പുറമേ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷി നാശത്തിനുമിടയാകും. ചെമ്മീൻ പാടത്തുള്ള വൈറസ് വ്യാപനം വലിയ വെല്ലുവിളിയാണ്.
കൃഷി ചെയ്യുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി അനുകൂല ബാക്ടീരിയകളെ നിക്ഷേപിക്കും. കൃഷിയാരംഭിച്ച് കഴിഞ്ഞാൽ ചെമ്മീൻപാടത്തെ വെള്ളം മാറ്റുന്നതിലൂടേയും പക്ഷി, ഞണ്ടുകൾ എന്നിവയിലൂടേയും വൈറസുകളുണ്ടാകാം.
ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകും. എങ്കിലും ഒരേ കൃഷിയുടെ ആവർത്തനങ്ങളിലൂടെയുണ്ടാകുന്ന വൈറസിന്റെ സാന്നിധ്യവും ഒഴിവാക്കേണ്ടതുണ്ട്.
ഇതിനായാണ് ചെമ്മീൻ പാടങ്ങളിൽ കരിമീൻ, പൂമിൻ, കാളാഞ്ചി, തിരിത, ചെന്പല്ലി എന്നിവ കൃഷി ചെയ്യുന്നത്. ഇത് വൈറസുകളെ ഒഴിവാക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർഗമാണ്.
ചെമ്മീൻ പാടത്തെ അധിക വരുമാനം
ചുറ്റും ഉപ്പുവെള്ളമാണെങ്കിലും മഴക്കാലത്ത് ചെമ്മീൻ പാടങ്ങളുടെ ബണ്ടിന് മുകളിലെ ഉപ്പ് ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. ഈ സമയത്താണ് ബണ്ടിന് മുകളിൽ പച്ചക്കറികൃഷി ചെയ്യേണ്ടത്. കേരളത്തിലെ ഓരുജല കർഷകർ നന്നായി കൃഷിചെയ്താൽ ഓണക്കാലത്ത് വിഷമില്ലാത്ത പച്ചക്കറി ലഭിക്കും.
ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന ടണ്‍കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി ഒഴിവാക്കുന്നതിനും ചെമ്മീൻ പാടത്ത് അധിക വരുമാനമുണ്ടാക്കുന്നതിനും സാധിക്കും. ഇത് താൻ തെളിയിച്ചതാണ്.
ചെമ്മീൻ പാടത്തെ വിളവെടുപ്പിനുശേഷം പാടങ്ങൾ വൃത്തിയാക്കുന്പോൾ കോരിമാറ്റുന്ന സ്ലറി മാത്രം മതി നല്ല പച്ചക്കറി വിളവിനുള്ള വളമാക്കുവാൻ. രാസവളങ്ങളുടെ ആവശ്യമേയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
150 ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള കരിമീൻ 500 മുതൽ 2000 വരെ കുഞ്ഞുങ്ങളെ വിരിയിക്കും. മുട്ടയിട്ടാൽ 24 മണിക്കൂറിനുള്ളിൽ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻകൃഷിപോലെ കരിമീൻകൃഷി ലാഭകരമല്ലായെങ്കിലും കരിമീൻ വിത്തുൽപ്പാദനം നഷ്ടമല്ലായെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് കരിമീൻ വിത്തുൽപ്പാദനം നടന്നിരുന്നത്. ആലപ്പുഴയിൽ 18 രൂപക്ക് കൊടുക്കുന്ന കരിമീൻ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമൻ നൽകിയത്.
ഉപ്പുവെള്ളത്തിനു പുറമേ ശുദ്ധജലത്തിൽ അൽപം ഉപ്പിട്ടുകൊടുത്തും നല്ല വിളവുണ്ടാക്കാൻ ഈ കരിമീൻ വിത്തുകൾക്കാവുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻ പാടത്ത് കരിമീൻ കൃഷി നടത്തി വൈറസ്ബാധ ഒഴിവാക്കാമെന്നും അധിക വരുമാനം നേടാമെന്നും ഇദ്ദേഹം തെളിയിച്ചിരുന്നു.
Agriculture
മണ്ണിൽ നടാതെ ഇഞ്ചി കൃഷി ചെയ്യുന്ന വിദ്യവികസിപ്പിച്ച് മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എൻഎഫ്പിഒ). ഗ്രോബാഗുകളിൽ ചകിരിച്ചോറ് നിറച്ച് ഇഞ്ചി കൃഷി ചെയ്യുന്ന രീതിയാണ് എൻഎഫ്പിഒ വികസിപ്പിച്ചത്.
കർണാടകയിലെ നഞ്ചൻഗോഡിൽ സംഘടന കോംപോ എക്സ്പേർട്ട് എന്ന കെമിക്കൽ കന്പനിയുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വൻ വിജയമായി.
മണ്ണില്ലാക്കൃഷി കൂടുതൽ തോട്ടത്തിലേക്ക് വ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് എൻഎഫ്പിഒ. ചെലവുകുറവും ഉയർന്ന ഉത്പാദനവുമാണ് മണ്ണില്ലാകൃഷിയുടെ നേട്ടം.
ഗ്രോബാഗിൽ ചകിരിച്ചോറും എൻഎഫ്പിഒ സോയിൽ പവറും (സോയിൽ ഗോൾഡ് ജൈവവളം) നിറച്ചശേഷമാണ് ഇഞ്ചിവിത്തുകൾ നടുന്നത്. റിയോഡി ജനീറോ, ചൈനീസ് വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ നട്ടത്. ഡ്രിപ്പ് ഇറിഗേഷൻ വഴി ഗ്രോബാഗിലെ ചെടികൾക്ക് വെള്ളത്തോടൊപ്പം വളവും നൽകി.
ഒരേക്കർ സ്ഥലത്ത് 22 ലിറ്റർ ശേഷിയുള്ള 22,000 ഗ്രോബാഗുകളിൽ കൃഷിചെയ്യാം. ഒരു ഗ്രോബാഗിൽനിന്ന് മൂന്നു മുതൽ അഞ്ചു കിലോഗ്രാംവരെ വിളവ് ലഭിക്കും. കള വരാതിരിക്കാൻ വീഡ്മാറ്റുകളിലാണ് ഗ്രോബാഗുകൾ നിരത്തിയിരിക്കുന്നത്.
ഇത്രയും ബാഗുകളിൽ നടുന്നതിന് 30 ചാക്ക് (1,800 കിലോഗ്രാം) ഇഞ്ചിവിത്താണ് വേണ്ടത്. ആറ് കിലോഗ്രാം ചകിരിച്ചോറാണ് ഒരു ബാഗിൽ വേണ്ടത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ചകിരിച്ചോർ കുറഞ്ഞ വിലയിൽ സുലഭമാണ്.
ഉത്പാദനം കൂടും
വിളവെടുപ്പ് പ്രായമായപ്പോൾ ഗ്രോബാഗുകളിൽ ഇഞ്ചിക്കു മുകളിൽ വീണ്ടും ചകിരിച്ചോറ് നിറയ്ക്കും. ഒരു ഏക്കറിൽ ഏകദേശം എട്ടു ലക്ഷം രൂപയാണ് മണ്ണില്ലാ ഇഞ്ചിക്കൃഷിക്ക് ചെലവ്. ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചിക്കൃഷി ചെയ്യാമെന്നത് മണ്ണില്ലാക്കൃഷിയുടെ സവിശേഷതയാണ്.
ഒരു ബാഗിലെ ചെടിയിൽ കീട-രോഗബാധ കണ്ടാൽ അപ്പാടെ നീക്കം ചെയ്ത് മറ്റു ബാഗുകളിലെ ചെടികളുടെ സംരക്ഷണം ഉറപ്പുവരുത്താമെന്നതും പ്രത്യേകതയാണ്. മണ്ണില്ലാക്കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഇഞ്ചിയുടെ ഗുണനിലവാരം സാധാരണരീതിയിൽ വിളയിക്കുന്നതിനേക്കാൾ വളരെ ഉയർന്നതാണ്.
ഗ്രോബാഗും ചകിരിച്ചോറും വിത്തും വളവും ഡ്രിപ് ഇറിഗേഷൻ ഉപകരണങ്ങളും ആവശ്യപ്പെടുന്ന മുറയ്ക്ക് എൻഎഫ്പിഒ കർഷകർക്ക് ലഭ്യമാക്കും.
ഗ്രോബാഗിൽ കൃഷി വിജയിച്ചതോടെ കൃഷിക്കായി സ്ഥലവും മണ്ണും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ലെന്ന് എൻഎഫ്പിഒ ചെയർമാൻ ഫിലിപ്പ് ജോർജ് പറഞ്ഞു.
മഴയെ ആശ്രയിച്ച് കൃഷി ഇറക്കേണ്ട ആവശ്യമില്ല. മോട്ടർ ഉപയോഗിച്ച് ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പ് ഇറിഗേഷനിലൂടെ നൽകാം. പോളി ഹൗസിൽ വെർട്ടിക്കൽ ഫാമിംഗിലും മണ്ണില്ലാകൃഷി പരീക്ഷിക്കാം.
പരന്പരാഗതരീതിയെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയർന്ന ഉത്പദാനം ലഭിക്കുന്നതാണ് മണ്ണില്ലാ ഇഞ്ചിക്കൃഷി. പ്രയോഗിക്കുന്ന വളവും വെള്ളവും ഗ്രോബാഗിനു പുറത്തുപോകാത്തതാണ് ഉയർന്ന ഉത്പാദനത്തിനു സഹായകമാകുന്നത്.
മണ്ണിൽ നടുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മണ്ണില്ലാക്കൃഷിക്ക് കുറഞ്ഞ അളവിൽ വെള്ളവും വളവും കീടനാശികളും മതിയാകും. തുള്ളിനന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് വെള്ളം-വളം-കീടനാശിനിപ്രയോഗം.
Agriculture
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീര വികസനമേഖല മുന്നേറ്റത്തിന്റെ പാതയിലാണ്. കർഷകുടെ വീട്ടുപടിക്കൽ സേവനം, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ, സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി എന്നിവ എടുത്തുപറയാവുന്ന നേട്ടമാണ്.
പാലുത്പാദനക്ഷമതയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ക്ഷീരകർഷകർ തൃപ്തരല്ല. ഉത്പാദനച്ചെലവ് വർധിച്ചതിനാൽ പാൽ വില വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അന്താരാഷ്ട്ര മൃഗസംരക്ഷണ ദിനവും ദേശീയ ക്ഷീര ദിനവും ആചരിക്കുന്ന അവസരത്തിൽ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫിന് നൽകിയ അഭിമുഖം.
സംസ്ഥാനത്തു മൃഗസംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന പ്രധാന നടപടികൾ? കന്നുകാലികളുടെയും ക്ഷീരകർഷകരുടെയും എണ്ണം കുറയുന്നു സാഹചര്യത്തിൽ വകുപ്പ് സ്വീകരിച്ച നടപടികൾ?
കർഷകരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു വീട്ടുപടിക്കൽ സേവനം എത്തിക്കുക എന്നത്. ഇതിനായി 76 ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു.
12 ജില്ലാ കേന്ദ്രങ്ങളിൽ ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളോടു കൂടിയ മൊബൈൽ സർജറി യൂണിറ്റുകൾ, 156 കേന്ദ്രങ്ങളിൻ രാത്രികാല അടിയന്തിര ചികിത്സാ സംവിധാനം, കന്നുകുട്ടി പരിപാലന പദ്ധതി, ഇടത്തരം ഡയറി ഫാമുകൾക്കായി സമഗ്ര ഫാം എയ്ഡ് പാക്കേജ്, 1962-കോൾ സെന്റർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 31 മൃഗാശുപത്രികൾ എന്നിവ നടപ്പിലാക്കി.
കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു നൽകുന്ന നഷ്ടപരിഹാരതുക വർധിപ്പിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഫാം ലൈസൻസിംഗ് ചട്ടങ്ങൾ പരിഷ്കരിച്ചു. മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും ഡിജിറ്റലായി സംയോജിപ്പിക്കുവാൻ ന്ധഇ-സമൃദ്ധ’ പദ്ധതി, സംരംഭകത്വ വികസന സെൽ എന്നിവ സ്ഥാപിച്ചു.
കന്നുകാലികളുടെയും കർഷകരുടയും എണ്ണം കുറഞ്ഞു വരുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും പാലുത്പാദനത്തിൽ കുറവ് വന്നിട്ടില്ല. വകുപ്പ് മുഖേന നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളിലൂടെ അത്യുത്പാദന ശേഷിയുള്ള ഒരു കന്നുകാലി സന്പത്തു നമുക്കുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണത്.
തെരുവുനായ ശല്യവും പേവിഷബാധയും വർധിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ അആഇ സെന്ററുകൾ ആരംഭിച്ചെങ്കിലും പൊതുജനങ്ങളുടെ പിന്തുണ കുറവാണ്. തെരുവുനായ ശല്യം കുറയ്ക്കാനും പേവിഷ ബാധതടയാനുമുള്ള നടപടികൾ?
സംസ്ഥാനത്തു 2019 സെൻസസ് പ്രകാരം സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം 2.89 ലക്ഷവും വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണം 8.3 ലക്ഷവും ആണ്. നിലവിൽ സംസ്ഥാനത്ത് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതിയുള്ള ആകെ 17 എബിസി കേന്ദ്രങ്ങൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാലും തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പൊതുജനങ്ങളുടെ എതിർപ്പ് പല സ്ഥലങ്ങളിലും വളരെയധികം രൂക്ഷമാണ്. ഈ ഒരു സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പോർട്ടബിൾ അആഇ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്.
ആദ്യത്തെ പോർട്ടബിൾ എബിസി യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥാപിക്കും. ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഒരു സംരംഭമാണിത്. ഇതുകൂടാതെ ഉത്തരവാദിത്വമുള്ള വളർത്തുമൃഗ ഉടമസ്ഥാവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നു ലൈസൻസ് മുഖേന നേടിയെടുത്ത് അവയെ വളർത്തുക എന്നതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതായിട്ടുണ്ട്.
നമ്മുടെ വീടുകളിലെ മാലിന്യം പൊതുസ്ഥലങ്ങളിലേയ്ക്ക് വലിച്ചെറിയാതിരിക്കുവാനും അതു ശാസ്ത്രീയമായി സംസ്കരിച്ച് അതുവഴി അവയെ ഭക്ഷണമാക്കുന്ന തെരുവ് നായ്ക്കളുടെ വംശവർധനവ് തടയുവാനും ഓരോ പൗരനും കഴിയും.
സംസ്ഥാനത്ത് പാലുത്പാദനം വർധിപ്പിക്കാനും പാലുത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചു?
2024-25 വർഷം 55.92 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. മുൻ വർഷങ്ങളിൽ സർക്കാരിൽനിന്ന് അനുവദിച്ച തുകയുടെ 95 ശതമാനത്തോളം കർഷകക്ഷേമത്തിനായി ഉപയോഗപ്പെടുത്തുവാൻ ക്ഷീരവികസനവകുപ്പിന് സാധിച്ചിട്ടുണ്ട്.
സങ്കരയിനം പശുക്കളുടെ പ്രതിദിന പാലുത്പാദന ശേഷിയിൽ വന്ന വർധനവിലൂടെ പശുക്കളുടെ ഉൽപാദന ക്ഷമതയിൽ കേരളത്തിന് രാജ്യത്ത് രണ്ടാം സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു (ഒരു പശുവിന് ശരാശരി പ്രതിദിനം 10.79 ലിറ്റർ).
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 24,000ത്തോളം പുതിയ ഉരുക്കളെ നമ്മുടെ സ്റ്റോക്കിൽ എത്തിക്കുവാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം, ക്ഷീരഗ്രാമം പദ്ധതി, കിടാരി പാർക്ക്, ക്ഷീരലയം/ക്ഷീരതീരം പദ്ധതികൾ, ബാങ്ക് ഇന്ററസ്റ്റ് സബ് വെൻഷൻ സ്കീം, ഇടുക്കി സ്പെഷൽ പാക്കേജ്, ഹെർഡ് ക്വാറന്റെെൻ കം ക്യാറ്റിൽ ട്രേഡിംഗ് സെന്റർ എന്നിവ നടപ്പിലാക്കി.
Agriculture
മറയൂർ മലനിരകളിലെ ചിന്നാറിനടുത്ത് തായണ്ണൻകുടി പരമ്പരാഗത വിത്തുകളുടെയും വിളവുകളുടെയും വിളനിലമാണ്. കൈമോശം വന്നുപോയ വിത്തുകളെ തിരികെപ്പിടിച്ച് വനഭൂമിയിൽ കൃഷി ചെയ്യുന്നു.
മുതുവാൻ ഗോത്രവാസികൾ കൈമോശം വന്നുപോയ 38 ഇനം വിത്തുകൾ തിരികെപ്പിടിച്ച് തായണ്ണൻകുടിയിൽ കൃഷിയിറക്കുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനവും മലകളും അതിരിടുന്ന തായണ്ണൻകുടി.
ഇവിടത്തെ വൈവിധ്യമാർന്ന കാർഷിക വിപ്ലവം ദേശത്തോളം പെരുമ നേടിക്കൊടുത്തിരിക്കുകയാണ്. റാഗി, ചീര, ബീൻസ്, കിഴങ്ങ് എന്നിവയുടെ വിവിധ ഇനങ്ങൾ. വിളവിലും രുചിയിലും എല്ലാം വ്യത്യസ്തം.
വിത്തുകളെ വീണ്ടെടുത്തു നടത്തുന്ന കാർഷിക വൈവിധ്യത്തിന് തായണ്ണൻകുടി സ്വന്തമാക്കിയ ബഹുമതികൾ ചെറുതൊന്നുമില്ല. പരന്പരാഗത വിത്തിനങ്ങളും കൃഷിരീതികളും പരിപാലിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന 2018ലെ പ്ലാന്റ് ജിനോം സേവിയർ പുരസ്കാരം സ്വന്തമായിരിക്കുന്നു.
കീർത്തിപത്രവും പത്ത് ലക്ഷം രൂപയുമാണ് തായണ്ണൻകുടിക്കു കിട്ടിയ ബഹുമതി. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ മൂന്നു ലക്ഷം രൂപയുടെ കാർഷിക അവാർഡും ഇവർക്കു ലഭിച്ചു.
ചിന്നാർ പുഴയോരത്ത് തമിഴ്നാട്ടിലെ തൊണ്ടിമലയ്ക്കും കേരളത്തിലെ വണ്ട് മലയ്ക്കും വെള്ളക്കല്ല്മലയ്ക്കും മധ്യത്തിലുള്ള ആദിവാസി ഊരാണ് തായണ്ണൻകുടി. പുഴയിലെ വെള്ളം ചാലു കീറി കൃഷിയിടങ്ങളിലൂടെ സമൃദ്ധിയോടെ ഒഴുക്കുന്നു. ഭക്ഷണത്തിൽ സ്വാശ്രയത്വം നിലനിർത്താനാകുന്ന ആദിവാസി ഗ്രാമമാണിത്.
വെള്ള റാഗി, മട്ടതേങ്ങൻ റാഗി, വെള്ളക്കിനി, പാലക്കിനി, മുട്ടി റാഗി, റൊട്ടി റാഗി, പച്ചമുട്ടി റാഗി, ചോലകമ്പിളി റാഗി, അരക്കനാച്ചി റാഗി, കറുപ്പ് റാഗി, കാടമ്പാറ റാഗി, മീൻ കണ്ണി, പൂവൻ റാഗി, കരിമുട്ടി റാഗി, നീലക്കണ്ണി റാഗി തിന, ചാമ, കുതിരവാലി, പുല്ലു തിന, കമ്പൻ തിന, മുളിയൻ തിന, പുല്ലു ചാമ, വെള്ളതിന, കരുവരഗ, വെള്ളവരക് എന്നിവയൊക്കെ തിരികെയെത്തിച്ചിരിക്കുന്നു.
ഇക്കൊല്ലം പതിനേഴര ടണ്‍ ചോളവും മൂന്നര ടണ്‍ ബീൻസും രണ്ടു ടണ്‍ റാഗിയും കഴിഞ്ഞ കൃഷിയിൽ വിളവെടുത്തു. വേണ്ടിടത്തോളം ചീരകളും പയറും റാഗിയും വിളയിക്കുന്നു. വിളവുകൾ എല്ലാവരും വീതം വച്ചെടുക്കുകയാണ്.
Agriculture
ഒരു നാടിനെ മുഴുവൻ പാലൂട്ടി സംസ്ഥാനത്തെയും പലതവണ ജില്ലയിലെയും മികച്ച ക്ഷീര കർഷകയായി മാറിയിരിക്കുകയാണ് ലക്ഷ്മി എന്ന വീട്ടമ്മ. പാളയംപറന്പ് ക്ഷീര സഹകരണ സംഘത്തിൽ 1,13,181 ലിറ്റർ പാൽ അളന്നാണു ലക്ഷ്മി മേനോൻ ഇത്തവണ തൃശൂർ ജില്ലയിലെ മികച്ച വനിതാ ക്ഷീരകർഷകയായത്.
ക്ഷീരസംഘത്തിൽ അളക്കുന്നതിനേക്കാൾ കൂടുതൽ പാൽ വീട്ടിലും ഹോട്ടലുകളിലും വിൽക്കുന്നു. വീട്ടിൽനിന്നും ക്ഷീരസംഘത്തിലേക്കുള്ള വഴിയിലെ ഇരുപതോളം പോയിന്റുകളിൽ ഉപഭോക്താക്കൾ എന്നും ലക്ഷ്മിയുടെ വരവും കാത്ത് നിൽക്കുന്നു എന്നതാണ് ഈ ധവളവിപ്ലവത്തിന്റെ ശക്തി.
മിച്ചംവരുന്ന പാലിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളായ മോര്, തൈര്, നെയ്യ് എന്നിവയും ഉണ്ടാക്കി ഭർത്താവ് ശിവദാസനൊപ്പം ഇവർ വിപണനം നടത്തുന്നു.
പശുക്കളെ പ്രണയിച്ച ബിരുദധാരി
അന്നമനട കുഴിക്കാട്ട് ഗോപാലകൃഷ്ണമേനോന്റെയും സാവിത്രിയമ്മയുടെയും ഇളയ മകനും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയുമായ ശിവദാസന്‍ ചെറുപ്പം മുതലേ പശുക്കളോട് ഏറെ പ്രിയമായിരുന്നു.
അച്ഛൻ ഹോട്ടൽ നടത്തുന്നതിനൊപ്പം പതിനഞ്ചോളം എരുമകളെയും പത്തോളം പശുക്കളെയും വീട്ടിൽ വളർത്തിയിരുന്നു. അമ്മയായിരുന്നു അവയുടെ സംരക്ഷണവും പരിപാലനവും. മാതാപിതാക്കളെ സഹായിക്കാൻ എന്നും തല്പരനായിരുന്ന ശിവദാസന്‍ സ്വദേശത്തും വിദേശത്തും ജോലിസാധ്യതകൾ വന്നപ്പോഴും അമ്മയുടെ പാത പിന്തുടരാൻ അവൻ തീരുമാനിച്ചു.
ജീവിതസഖിയായി എത്തിയ ലക്ഷ്മി പ്രിയതമന്റെ ഇഷ്ടത്തിനു പൂർണപിന്തുണയേകിയതോടെ പുതുചരിത്രംപിറന്നു.
ധവളവിപ്ലവത്തിന്റെ "ഭാഗ്യലക്ഷ്മി'
പറവൂർ ഇളങ്കുന്നപ്പുഴ നെല്ലാട്ട് കലാധരമേനോന്റെയും ഗിരിജയുടെയും രണ്ടു പെണ്മക്കളിൽ മൂത്തയാളായ ലക്ഷ്മിക്ക് പശുവിനെ പരിപാലിച്ച് യാതൊരു പരിചയവും ഇല്ലായിരുന്നു. പക്ഷേ, ഈ എംബിഎക്കാരി ഭർത്താവിന്റെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകാൻ തീരുമാനിച്ചതോടെ വെസ്റ്റ്കൊരട്ടി വാപ്പറന്പിൽ "ലക്ഷ്മി ഡയറി ഫാം’ പിറവികൊണ്ടു.
ഇന്ന് ഇവിടെയുള്ള 68 പശുക്കളിൽ 55 എണ്ണം കറവപ്പശുക്കളാണ്. ബാക്കിയുള്ളവ ഗർഭിണികളും. പ്രതിദിനം 750 ലിറ്ററിലധികം പാൽ ലഭിക്കും. രാവിലെ 450 ലിറ്ററും ഉച്ചതിരിഞ്ഞ് മുന്നൂറും. 350-400 ലിറ്റർ പാലാണ് ക്ഷീരസംഘത്തിൽ അളക്കുന്നത്. കൂടാതെ വീടിനോടുചേർന്നുള്ള തൊഴുത്തിലുമുണ്ട് ഏഴു പശുക്കൾ. ഇതിൽ മൂന്നെണ്ണത്തിനേ ഇപ്പോൾ കറവയുള്ളൂ. ബാക്കിയുള്ള പശുക്കൾ ഗർഭിണികളാണ്.
ഫാമിലെ പശുക്കളിൽ 40 എണ്ണം ജഴ്സിയാണ്. പിന്നെ എച്ച്എഫ്, ക്രോസ് എന്നിവയും. പേരിന് ഓരോ ഗിർ, സഹിവാൾ, സിന്ധി എന്നീ നാടൻപശുക്കളുമുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള ഫാമിൽ ആറു നേപ്പാളികൾ സഹായത്തിനുണ്ട്.
പുല്ലരിയലും കുളിപ്പിക്കലും തീറ്റകൊടുക്കലും എല്ലാം ഇവർ ചെയ്യും. ചിലർ ശിവദാസനോടൊപ്പം കറവയ്ക്കും കൂടും. എല്ലാത്തിനെയും കൈകൊണ്ടുകറന്നാണു പാലെടുക്കുന്നത്. മെഷീൻ കറവ ഇവിടെയില്ല.
അതിരാവിലെ പാലുമായി...
പുലർച്ചെ മൂന്നരയോടെ എഴുന്നേൽക്കുന്ന ശിവദാസനും കുടുംബവും പശുക്കളെ കറന്ന് പാലുമായി ആറു കിലോമീറ്റർ അകലെയുള്ള പാളയംപറന്പ് ക്ഷീരസഹകരണസംഘത്തിൽ എത്തും. ഈ യാത്രയിൽ ഇരുപതോളം പോയിന്റുകളിലായി തന്നെ കാത്തുനിൽക്കുന്ന 100-110 ഉപഭോക്താക്കൾക്കായി 120 ലിറ്ററോളം പാൽ അളന്നു നൽകും.
അവർ കൊണ്ടുവരുന്ന പാത്രത്തിലേക്കു ലിറ്റർപാത്രംകൊണ്ട് അളന്ന് ഒഴിച്ചുകൊടുക്കുക എന്നതാണു രീതി. അല്ലാതെ പായ്ക്കിംഗ് ഇല്ല. ലിറ്ററിന് 60 രൂപ നിരക്കിലാണ് ചില്ലറ വില്പന. കൂടാതെ പ്രതിദിനം 130 ലിറ്ററോളം വീട്ടിലും 100 ലിറ്ററിലധികം ഹോട്ടലുകൾക്കും നൽകുന്നുണ്ട്.
ശിവദാസന്റെ പേരിൽ വെസ്റ്റ് കൊരട്ടി ക്ഷീരസംഘത്തിൽ 100-125 ലിറ്റർ ദിനംപ്രതി അളന്നിരുന്നെങ്കിലും ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ഇതുവേണ്ടെന്നുവച്ചു. സൊസൈറ്റിയിൽ നിന്ന് ലിറ്ററിന് 45 രൂപ നിരക്കിൽ ലഭിക്കുന്പോൾ വ്യക്തികളിൽനിന്നും ലഭിക്കുന്നത് 60 രൂപയാണ്.
Agriculture
ആറായിരം വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യയിൽ പ്ലാവു നട്ടു പരിപാലിച്ചിരുന്നതായാണ് പാരന്പര്യം. അശോക ചക്രവർത്തി ഫലവൃക്ഷങ്ങൾ പ്രചരിപ്പിച്ച ഇനങ്ങളിൽ പ്ലാവും ഉൾപ്പെട്ടിരുന്നുവത്രെ.
ആത്ത, ആഞ്ഞിലി, കടപ്ലാവ്, മൾബറി എന്നിവ ഉൾപ്പെടുന്ന മൊറാസീ കുടുംബത്തിൽപ്പെട്ട മരമാണ് പ്ലാവ്. ആർട്ടോകാർപസ് ഹെട്രോഫിലസ് എന്നാണ് ശാസ്ത്രനാമം. പ്ലാവുമായി കേരളത്തിന് അഭേദ്യമായ ബന്ധമുണ്ട്.
പുരയിടങ്ങളിൽ വളർത്താവുന്ന രാജവൃക്ഷമായി മലയാളികൾ കണ്ടിരുന്ന വൃക്ഷമാണ് പ്ലാവ്. തടിക്കു മാത്രമല്ല ചക്ക ഉത്തമ ഭക്ഷണവും പ്ലാവില മൃഗങ്ങൾക്ക് തീറ്റയുമാണ്.
പോർച്ചുഗീസുകാരുടെ വരവോടെ ചക്ക അവർക്ക് ജാക്ക് ആയി. അങ്ങനെ നമ്മുടെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന വിജ്ഞാനഗ്രന്ഥത്തിലും ഇടം നേടി. 1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ചക്കയ്ക്ക് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത്.
ബംഗാളിലും മലേഷ്യയിലുമൊക്കെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും പാരന്പര്യമുണ്ട്.
കേരളത്തിന് ഇതു ചക്കയാണെങ്കിൽ ഇന്തൊനേഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുകാർക്ക് ലങ്ക്കയും. കേരളം പോലെ തമിഴ്നാടിന്റേയും ഔദ്യോഗിക ഫലമാണ് ചക്ക. പ്രകൃതി സമ്മാനിച്ച ഏറ്റവും വലിയ പഴവും ഇതുതന്നെ. ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് പ്ലാവിന്റെ ഉറവിടം.
ഇവിടെ നിന്നാണ് വിവിധ നാടുകളിലേക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഈസ്റ്റ് ഇന്ത്യയിലേക്കും മധ്യ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പ്ലാവ് കടന്നുചെന്നത്.
ബംഗ്ലാദേശ് മാത്രമാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ശ്രീലങ്കയിൽ ഔദ്യോഗിക ഫലമല്ലങ്കിലും ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഫലവും പഴവുമാണ് ചക്ക.
കേരളത്തിലെ കുടുംബശ്രീ പോലെ ശ്രീലങ്കയിലും ബംഗ്ളാദേശിലും വനിതാ സ്വാശ്രയ സംഘങ്ങൾ ചക്ക മൂല്യവർധിത വിഭവങ്ങളാക്കി പണം സന്പാദിക്കുന്നു. ഇവർക്ക് ചക്ക സംസ്കരണം കുടിൽ വ്യവസായവുമാണ്.
ആ രാജ്യങ്ങളിൽ പ്ലാവ് നട്ടു വളർത്തുന്നതിൽ സർക്കാർ സാന്പത്തിക സഹായം നൽകുന്നു. പൊന്നു കായ്ക്കുന്ന മരമായി കണക്കാക്കി പ്ലാവ് വെട്ടി മാറ്റുന്നതിൽ നിയന്ത്രണവും വരുത്തിയിരിക്കുന്നു.
മ്യാൻമർ, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ, ആഫ്രിക്ക, കെനിയ, ഉഗാണ്ട , കംബോഡിയ, ലാവോസ്, തായ്ലാൻഡ്, സൗത്ത് ഫ്ളോറിഡ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം പ്ലാവ് വളർത്തി പണമുണ്ട ാക്കുന്നു.
രണ്ട ാം വർഷം ഫലം തരുന്ന സങ്കര ഇനം പ്ലാവുകൾ ഇവർ വികസിപ്പിച്ചതിനൊപ്പം വൻകിട തോട്ടങ്ങളായി വളർത്തുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് പ്ലാവുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണുള്ളത്.
30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വർഷം വിളയുന്ന കേരളത്തിൽ ഇതിന്റെ മൂന്നിൽ രണ്ടു ശതമാനവും പാഴായിപ്പോവുകയാണ്. കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പെട്ട ചക്കയെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാൽ 25,000 കോടിയിൽപരം രൂപയുടെ വരുമാനമുണ്ട ാക്കാൻ കഴിയും.
ഏറ്റവും വലിയ പഴം എന്ന നിലയിലും ചക്കയ്ക്ക് പ്രാധാന്യമേറെ. ഒരു വ്യക്തിക്കല്ല ഒരു കുടുംബത്തിനുള്ള ഭക്ഷണം ഒരേ വേളയിൽ നൽകാൻ കഴിയുന്ന ഫലമാണ് ചക്ക. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, തടി, വിറക്, വളം, തണൽ, ഓക്സിജൻ, നീർത്തടസംരക്ഷണം എന്നിങ്ങനെ ഏറെ കാര്യങ്ങളിൽ പ്ലാവ് മനുഷ്യ ജീവിതത്തോടു ചേർന്നുനില്ക്കുന്നു.
ഇക്കാലത്ത് തായ്ലാൻഡും വിയറ്റ്നാമുമാണു പ്രധാന ചക്ക ഉത്പാപാദക രാജ്യങ്ങൾ. ചക്കയിൽ നിന്ന് നൂറിലേറെ ഉത്പന്നങ്ങൾ മൂല്യവർധിതമാക്കി വരുമാനമുണ്ടാക്കുന്ന രാജ്യങ്ങളാണിവ.
കാൻസർ ഉൾപ്പെടെ മരുന്നു ഗവേഷണത്തിലും ചക്കയുടെ സാധ്യതകളിൽ ഗവേഷണം നടത്തുകയാണ് ഇവർ. കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ ഒന്നാമതുള്ളത്.
കേരളത്തിൽനിന്ന് തമിഴ് നാട്ടിലേക്ക് സീസണിൽ വാങ്ങിക്കൊണ്ട ുപോകുന്ന ചക്കയും ഇടിച്ചക്കയും വിദേശരാജ്യങ്ങളിൽ വരെയാണ് വിറ്റഴിയുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിത ഉഷ്ണമേഖല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് പ്ലാവ്. 27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും.
നൂറ് ഗ്രാം ചക്കയിൽ 95 കലോറിയും 0.6 ഗ്രാം ഫാറ്റും 23 ഗ്രാം കാർബോ ഹൈഡ്രേറ്റും 1 .7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസന്പന്നമായ നാടൻ വിഭവമാണിത്.
ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരം ശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രൊട്ടീനും ഒരു ശതമാനം കൊഴുപ്പുംമുണ്ട . 100 ഗ്രാം ചക്ക 95 കിലോ കലോറി ഊർജം സമ്മാനിക്കും.
പോഷകങ്ങളുടെ കലവറയാണ് ചക്ക. വൈറ്റമിൻ എ, വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിൻ, ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ. അയണ്‍, മഗ്നീഷിയം, പൊട്ടാസിയം, മാംഗനീസ് എന്നീ ധാതുക്കളും ചക്കയെ കൂടുതൽ ഗുണപ്രദമാക്കുന്നു.
കൊളസ്ട്രോളും അനാവശ്യ കൊഴുപ്പുകളും ഇല്ലേയില്ല. പ്രമേഹം നിയന്ത്രിക്കുന്നതിൽ ചക്ക ഏറെ ഉത്തമമാണ്. പഴുക്കാത്ത ചക്കയിൽ അടങ്ങിയിരിക്കുന്ന അധിക ഫൈബറുകളാണ് പ്രമേഹത്തിന് തടയിടുന്നത്.
ചക്കപ്പുഴുക്ക് അതുകൊണ്ടുതന്നെ പ്രമേഹ നിയന്ത്രണത്തിന് ഉത്തമമെന്ന് ഇതിനോടകം ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു.